Saturday, July 23, 2011

നമ്മുടെ പുസ്തക പ്രകാശനം

നമ്മുടെപ്രിയപ്പെട്ട ബിജുകുമാര്‍ ‍ആലക്കോടിന്റെ " ഒട്ടകമായും ആടായും മനുഷ്യനായും " , രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ "ദൈവം ഒഴിച്ചിട്ടയിടം" എന്നീ പുസ്തകങ്ങളുടെ പ്രകാശനം ജൂലായ്‌ 25 തിങ്കള്‍ വൈകീട്ട്‌ 7 മണിയ്‌ക്ക്‌ എഫ്.സി.സിയില്‍ വെച്ച് നടക്കും . എഫ്.സി.സി ഡയറക്‌ടര്‍ ഹബീബ്‌റഹ്‌മാന്‍ അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന ‍ ചടങ്ങില് ബ്ലോഗ്ഗര്‍മാരും , അഷ്‌റഫ്‌ തൂണേരി, എം ടി നിലമ്പൂര്‍, എ വി എം ഉണ്ണി തുടങ്ങി കലാസാഹിത്യമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്, എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു .

Sunday, July 10, 2011

മീറ്റ്‌ ഉണ്ണിയപ്പം ..ഈറ്റ് ...ഉണ്ണിയപ്പം

കുറച്ചു നേരം കൂടിയിരുന്നു കുശലം പറയാന്‍ താല്‍പര്യവും സമയവും ഉള്ളവരുടെ ഒരു കൂടിച്ചേരല്‍ ആയിരുന്നു ഉദ്ദേശിച്ചത്. രാമചന്ദ്രന്‍ , ഇസ്മായില്‍, കലാം, സുനില്‍, നിക്സന്‍ (നിക്കു) , നിക്കുവിന്റെ ഒരു സുഹൃത്ത്‌ റഷീദ്, നാമൂസ് , പിന്നെ കുറെയേറെ ഉണ്ണിയപ്പങ്ങള്‍ എന്നിവരായിരുന്നു ഒത്തു കൂടിയത്.

കോര്‍ണിഷിനടുത്തു താമസിക്കുന്ന നാമൂസിനു ഇസ്മുവാണു വഴി പറഞ്ഞു കൊടുത്തത് . ഇസ്മുവിന്റെ മിനിക്കഥകള്‍ പോലെ വഴിയും ചുരുക്കി പറഞ്ഞു കൊടുത്തത് കൊണ്ടോ , നമുക്ക് വരികള്‍ തന്നെ വായിക്കാന്‍ സമയമില്ലാത്തപ്പോള്‍ നാമൂസിന്റെ വരികള്‍ക്കിടയിലൂടെ കൂടിയും വായിച്ചെടുക്കുന്ന സ്വഭാവം ഇവിടെയും കാണിച്ചത് കൊണ്ടാണോ എന്നറിയില്ല വടക്കോട്ട്‌ വരാന്‍ പറഞ്ഞിട്ട് തെക്കോട്ടാണ് ആശാന്‍ പോയത്. കാത്തിരുന്നു മടുത്തപ്പോള്‍ നടന്നു നടന്നു കടലില്‍പ്പോയി ചാടേണ്ട എന്ന് കരുതി ഇസ്മു തന്നെ പോയി വിളിച്ചുകൊണ്ട് വരികയായിരുന്നു. അത് വല്യോരു അബദ്ധമായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. അവന്‍ വന്നപ്പോള്‍ വായ തുറന്നിട്ട്‌ പിന്നെ ഉണ്ണിയപ്പം തിന്നാന്‍ മാത്രമേ വായ അടച്ചിട്ടുള്ളൂ . ശരിക്കും നമ്മുടെ സ്മിത ടീച്ചറുടെ കുറവ് കൂടി അവന്‍ തീര്‍ത്തു എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും എളുപ്പം മനസ്സിലായേക്കും. ഒടുവില്‍ സമസ്താപരാധം പറഞ്ഞു എല്ലാവരും രക്ഷപ്പെടുക ആയിരുന്നു.

ഖത്തറില്‍ നടന്ന കഥാ മോഷണം, തസ്നി ഭാനു , മതം, രാഷ്ട്രീയം, ദൈവം, മലയാള ഭാക്ഷ, അറബി മലയാളം , മലയാള സര്‍വ്വകലാശാല , ഉപനിഷത്തുക്കള്‍ , ആര്യ ദ്രാവിഡ സംഘര്‍ഷങ്ങള്‍, ചര്‍ച്ചാ വിഷയമായിട്ടുള്ള ബ്ളോഗ്ഗുകള്‍ , പുസ്തകങ്ങള്‍ എന്ന് വേണ്ട സന്തോഷ്‌ പണ്ഡിറ്റ് വരെ സംസാര വിഷയമായി. ഇതിനിടക്ക്‌ രാമചന്ദ്രന്‍ ഇതെല്ലം കഴിഞ്ഞു വീട്ടിലേക്കാണല്ലോ ചെല്ലേണ്ടത് , ഇനി അവിടെയും ഒരു വാക്പയറ്റു വേണ്ട എന്ന് കരുതി സ്ഥലം വിട്ടു. ഇത് മുന്‍കൂട്ടി കണ്ടിട്ട് ഇസ്മു കുടുംബത്തെ തൊട്ടടുത്തുള്ള പാര്‍ക്കില്‍ കൊണ്ട് വിട്ടിരിക്കയായിരുന്നു. ഇടയ്ക്കു ഫോണ്‍ വന്നിട്ടെന്ന വ്യാജേന പാര്‍ക്കില്‍ പോയി കുടുംബത്തെ കണ്ടിട്ട് എനിക്ക് അവമ്മാരുടെ കൂടെ ഇരിക്കാന്‍ വല്യ താല്‍പ്പര്യം ഒന്നും ഇല്ല. പെട്ടു പോയാ പെടക്കാതെ പറ്റില്ലല്ലോ എന്നൊക്കെയാവണം പറഞ്ഞിട്ട് പോരുന്നുണ്ടായിരുന്നു.

കുടുംബത്തിലെ സമാധാനം തകര്‍ക്കേണ്ട എന്ന് കരുതിയിട്ടോ ചര്‍ച്ച കേട്ട് മതിയായിട്ടോ കലാമും പതുക്കെ മുങ്ങി. എനിക്കും നാമൂസിനും നിക്സനും ബി പി (ഭാര്യയെ പേടി) ഇല്ലാത്തതുകൊണ്ട് (അവര്‍ കൂടെ ഉണ്ടായിരുന്നേല്‍ ആദ്യം മുങ്ങുന്ന ആള്‍ ഞാനായേനെ , അവള്‍ ഇവിടെ ഇല്ലാത്തത് കൊണ്ട് എനിക്കെന്തും പറയാമല്ലോ) പ്രത്യേകിച്ച് യാതൊരു തിരക്കും ഇല്ലായിരുന്നു. ഞങ്ങള്‍ പരസ്പരം വാക്പയറ്റ് നടത്തികൊണ്ടിരുന്നു. സത്യത്തില്‍ നിക്സണ്‍ കൂടെയില്ലായിരുന്നേല്‍ നാമൂസ് എന്നെ കൊന്നു കൊലവിളി നടത്തിയേനെ. കോര്‍ണിഷില്‍ ഒരു ബ്ളോഗ്ഗരുടെ അജ്ഞാത മൃതദേഹം എന്ന വാര്‍ത്ത നിങ്ങള്‍ക്കെല്ലാം കേള്‍ക്കേണ്ടിയും വന്നേനെ.

അഞ്ചു മണിക്കെത്ത്തിയിട്ടു ഉദ്ദേശം പത്തു മണിയോടെയാണ് ഞാനും, നാമൂസും, നിക്സനും, റഷീദും പിരിയുന്നത്. ഞങ്ങളുടെ ഈ ചര്‍ച്ചകളിലൂടെ ലോകത്തിലെ സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്ന സന്തോഷത്തോടെ, ഞങ്ങള്‍ ഇല്ലായിരുന്നേല്‍ ഇതൊക്കെ ആര് ചര്‍ച്ച ചെയ്യും എന്ന് നെടുവീര്‍പ്പിട്ടു നടന്നകന്നു . നിക്സന്റെ സുഹൃത്ത്‌ റഷീദിനാണ് സഹനത്തിനുള്ള അവാര്‍ഡ് നല്‍കേണ്ടത് . നിക്സന്റെ സുഹൃത്തായി എന്ന ഒരേ ഒരു കുറ്റത്തിന് ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഇരുന്നു കൊടുക്കേണ്ടി വരിക എന്ന നരക ശിക്ഷയാണ് ആ പാവത്തിന് അനുഭവിക്കേണ്ടി വന്നത് . ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു. ആ സാധു അത് അനുഭവിച്ചു . പിറ്റേന്ന് അങ്ങേരു ജീവനോടെ ഉണ്ടോ എന്ന് ഞാന്‍ വിളിച്ചു ചോദിച്ചിരുന്നു. കുഴപ്പം ഒന്നും ഇല്ലാ എന്നാണ് അറിയാന്‍ കഴിഞ്ഞത് .

ഇസ്മു ചിക്കന്‍ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ചിക്കന്‍ പോക്സ് വന്ന പാടുകള്‍ ആണ് ഉദ്ദേശിച്ചത് എന്ന് കരുതിയില്ല. എന്തായാലും വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ ( ഒരു ഊഹമാണേ ? ചിലപ്പോള്‍ പാവം ഇസ്മു തന്നെ വെള്ളിയാഴ്ച രാവിലെ എണീറ്റിരുന്നു ഉണ്ടാക്കീതാവും ...) ഒരു ലോഡു ഉണ്ണിയപ്പവും ചായയും പുള്ളി കരുതിയിരുന്നു. ഇനി ഈറ്റില്ലാ മീറ്റെന്നു പറയില്ലല്ലോ ?. തോട്ടുവായില്‍ എന്റെ തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ അപ്പം മൂടല്‍ , മോദകം മൂടല്‍ എന്നൊക്കെയുള്ള രുചികരമായ വഴിപാടുകള്‍ ഉണ്ട് . ഗണപതി ഭഗവാന്റെ വിഗ്രഹം ഉണ്ണിയപ്പം കൊണ്ടു മൂടിയുള്ള പൂജയാണിത്. ഏതാണ്ടതു പോലെ ഒരു ലോഡു ഉണ്ണിയപ്പമാണ് ഇസ്മു കൊണ്ടു വന്നത്. തിന്നു തീര്‍ക്കാന്‍ ഞങള്‍ കുറച്ചു ഗണപതികളും. കഷ്ടപ്പെട്ട് പോയി. വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നവരോടുള്ള വാശി മുഴുവന്‍ ഉണ്ണിയപ്പത്തോട്‌ ‌ തീര്‍ത്തു ഞങള്‍ അഭിമാന പുളകിതരായി . എന്തായാലും ഒന്നാന്തരം ഉണ്ണിയപ്പം (ഇനിയും പ്രതീക്ഷിക്കുന്നു എന്നര്‍ത്ഥം )....

ഇതൊക്കെയാണ് അനൌപചാരീക മീറ്റിന്റെ വിശേഷങ്ങള്‍ .ഫോട്ടോസ് ഒക്കെ ഇസ്മു എടുത്തിട്ടുണ്ട് . മൂപ്പരുടെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം ...നാമൂസിന്റെയും....എന്തായാലും ഇടയ്ക്കിടെ ഇങ്ങനെ കൂടാന്‍ ഉദ്ദേശിക്കുന്നുണ്ട് ... ഉണ്ണിയപ്പം പ്രതീക്ഷിച്ചിട്ടല്ലാട്ടോ..?

Thursday, July 7, 2011

ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ കൂടി

നാളെ വൈകിട്ട് (8 /07 /2011 , വെള്ളിയാഴ്ച ) അഞ്ചു മണിക്ക് തമ്മില്‍ കാണുവാനും, കുശലം പറയുവാനുമായി ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ ഉദ്ദേശിക്കുന്നു .പ്രത്യേകിച്ച് അജണ്ട ഒന്നും തന്നെ ഇല്ല. സമയവും, സൌകര്യവും , താല്‍പര്യവും ഉള്ളവര്‍ കോര്‍ണിഷില്‍ ചില്‍ട്രന്‍സ് പാര്‍ക്കിന്റെ എതിര്‍ വശത്തായി എത്തുക . കുടുംബവുമായി വരുന്നവര്‍ക്ക് കുടുംബത്തെ പാര്‍ക്കില്‍ വിട്ടിട്ടു വരാം എന്നൊരു സൗകര്യം ഉണ്ട് . മട്ടന്‍ ബിരിയാണിയുടെ കാര്യം ഇസ്മായില്‍ ഭായി (തണല്‍ ) പറയുന്നത് കേട്ടു. കൃത്യമായി അറിയില്ല . തമ്മില്‍ കാണുകയും വിളിക്കുകയും ചെയ്യുന്നവര്‍ ഈ വിവരം ഒന്ന് കൈമാറിയാല്‍ നന്നായിരുന്നു.

ഖത്തര്‍ ബ്ലോഗ്ഗേര്‍സിനു വേണ്ടി
സുനില്‍ , രാമചന്ദ്രന്‍ , ഇസ്മായില്‍ , ഷഫീക് ,...............