Monday, March 31, 2014

ക്യൂ മലയാളം സാഹിതീ പുരസ്കാരം 2014



ക്യു മലയാളം നടത്തുന്ന വാര്‍ഷിക പരിപാടിയായ സര്‍ഗ്ഗസായാഹ്നത്തിന്‍റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കായി ക്യു മലയാളം സാഹിതീ പുരസ്കാരം നല്‍കുന്നു. ഈ വര്‍ഷം കഥക്കാണ് അവാര്‍ഡ്. കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച കഥ തിരഞ്ഞെടുക്കുക.


ബ്ലോഗ്‌ അടക്കം മറ്റു ആനുകാലികങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്ത മൗലികമായ രചനകള്‍ മാത്രമേ സ്വീകരിക്കൂ. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ qmalayalamsp@gmail.com എന്ന ഇമെയിലിലേക്ക് 2014 ഏപ്രില്‍ 30 നകം കഥകള്‍ അയക്കേണ്ടതാണ്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ജൂണ്‍ 20നു നടക്കുന്ന സര്‍ഗ്ഗസായാഹ്നം പരിപാടിയിൽ വച്ച് വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക് 70199715 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Sunday, March 16, 2014

ചൂടുള്ള ബ്ലോഗ്‌ മീറ്റ്‌


എഴുത്തും വായനയും ഇഷ്ടപ്പെടുന്ന , ഖത്തറിലെ മലയാളികളുടെ സൌഹൃദകൂട്ടായ്മയായ ക്യൂ-മലയാളത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗ്‌ മീറ്റ്‌ ഇത്തവണ അല്പം ചൂടുള്ളതായി !!

WINTER 14 BLOGGERS MEET എന്നായിരുന്നു പേരെങ്കിലും , ഈ വര്ഷം അല്പം വൈകിയതിനാല്‍ നല്ല തണുപ്പുള്ള കാലവസ്ഥക്ക് പകരം   ഒരല്പം ചൂടോടെയാണ് എല്ലാവരും പങ്കെടുത്തത് . മാത്രമല്ല; പരിചയപ്പെട്ടും പരിചയം പുതുക്കിയും നര്‍മ്മ ഭാഷണങ്ങളില്‍ മുഴുകിയും പരിപ്പുവടയും ചായയും കഴിച്ചു ഇരുന്നവരുമൊക്കെ പക്ഷെ , മീറ്റിന്റെ പ്രധാന ഇനങ്ങളായ രണ്ടു ഉശിരന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ചൂട് പാരമ്യതയിലെത്തി!!!

കഴിഞ്ഞ വെള്ളിയാഴ്ച (14/3/2014) ദോഹയിലെ SKILLS DEVELOPMENT CENTER ല്‍ രണ്ടു മണിമുതല്‍ നടന്ന ബ്ലോഗ്‌ മീറ്റില്‍ സ്ത്രീ-പുരുഷന്മാരും  കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും ഈ മീറ്റ് അവിസ്മരണീയ അനുഭവമായിരുന്നു എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു . ആദ്യമായി ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ചിലര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചതില്‍ ചിലത് താഴെ :
- ഇവിടെ പ്രസിടന്റ്റ് സെക്രട്ടറി മറ്റു നേതാക്കളെ ആരെയും കാണാന്‍ കഴിഞ്ഞില്ല .
- ഇവിടെ ആര്‍ക്കും വലിപ്പചെറുപ്പമില്ല. പ്രത്യക അതിഥികള്‍ ഇല്ല. ആരുക്കും വി ഐ പി പരിഗണന ഇല്ല.
- പഴയ ആളുകള്‍ , പുതുമുഖങ്ങള്‍ എന്നീ വ്യത്യാസങ്ങള്‍ അനുഭവപ്പെട്ടില്ല.
-കോട്ടുധാരികളെയോ വളണ്ടിയര്മാരെയോ കാണുന്നില്ല.
- ഗഹനങ്ങളായ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നില്ല. 
- ആരും ബുജി ചമഞ്ഞു , ബലം പിടിച്ചു അച്ചടി ഭാഷയില്‍ സംസാരിക്കുന്നത് കണ്ടില്ല.
- ആരുടേയും മുഖത്ത് ബോറടി ദൃശ്യമായില്ല.
- പല പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഇത്ര വൈവിധ്യവും ഉന്മേഷകരവും ആയ പരിപാടികളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. 
---------------------------------
ഒരു മണിക്ക് മുന്‍പേ രജിസ്ട്രേഷന്‍ ആരംഭിക്കുകയും രണ്ടു മണി മുതല്‍ ഫോട്ടോ പ്രദര്‍ശന മത്സരം നടക്കുകയും ചെയ്തു. പ്രൊഫഷനല്‍ ഫോട്ടോകള്‍ക്ക് പകരം , സാധാരണക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണ കൊണ്ടോ ക്യാമറ കൊണ്ടോ എടുത്ത ചിത്രങ്ങള്‍ A4 സൈസില്‍ പ്രിന്റ് ചെയ്തു മത്സരത്തിനു കൊണ്ട് വന്നു.  ചിത്രത്തിന്റെ സാങ്കേതികതയോ മിഴിവോ ആയിരുന്നില്ല, മറിച്ച് ചിത്രത്തിന്റെ ആശയം / സന്ദേശം ആയിരുന്നു മത്സരത്തിലെ മാനദണ്ഡം.  

മീറ്റിലെ പ്രധാന ഇനമായിരുന്ന പരിചയപ്പെടല്‍ മണിക്കൂറുകളോളം നീണ്ടു. കുഞ്ഞു കുഞ്ഞു കമന്റടികളും കുരുട്ടു ചോദ്യങ്ങളും സദസ്യരില്‍ നിന്നുണ്ടാവുകയും ഉരുളക്കുപ്പേരി പോലെ അതിനു മറുപടികള്‍ വരികയും ചെയ്തപ്പോള്‍ അശേഷം മടുപ്പനുഭവപ്പെട്ടില്ല. 
പരിചയപ്പെടലിലെ ചില നിമിഷങ്ങള്‍ ......














അതിനു ശേഷം ചര്‍ച്ചകള്‍ ആയിരുന്നു. ആമുഖമായി നാല് മിനിറ്റ് നീണ്ടുനിന്ന ശ്രീ: നിസാര്‍ NV യുടെ ' എന്തുകൊണ്ട്  ബ്ലോഗ്‌  ' എന്ന ചെറു പ്രഭാഷണം ഏറെ ഹൃദ്യമായിരുന്നു.

ശ്രീ: സുനില്‍ പെരുമ്പാവൂര്‍ നിയന്ത്രിച്ച ചര്‍ച്ച ( വിഷയം: സ്റ്റാറ്റസായി മാറുന്ന എഴുത്തുകള്‍) സമകാലികപ്രസക്തവും ഗൌരവകരവുമായിരുന്നു. പുരുഷന്മാരെ കടത്തിവെട്ടിക്കൊണ്ട് വനിതകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ ശക്തിയായി , ബുദ്ധിപരമായി അവതരിപ്പിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ച ശരിക്കും ചൂട്പിടിച്ചു !

രണ്ടാമത്തെ ചര്‍ച്ച ശ്രീ: തന്സീം കുറ്റ്യാടി നിയന്ത്രിച്ചു ( വിഷയം: എഴുത്തുകാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമോ ? ) . വിഭിന്നാഭിപ്രായങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ ചര്‍ച്ച. തികഞ്ഞ സംയമാനത്തോടെയും എന്നാല്‍ തങ്ങളുടെ വാദഗതികള്‍ ബുദ്ധിപൂര്‍വ്വം സമര്‍ത്ഥിക്കുവാനും  പലരും ശ്രമിച്ചു. പൂച്ചയെ പോലിരുന്ന പലരും അസാമാന്യ പ്രതിഭകള്‍ ആണെന്ന് തെളിയിക്കുന്നതായിരുന്നു രണ്ടു ചര്‍ച്ചകളും !

ശേഷം ഫോട്ടോ മത്സരത്തിന്റെ ഫല പ്രഖ്യാപനവും സമ്മാന ദാനവുമായിരുന്നു. ഒന്നാം സമ്മാനം നേടിയ മുഹമ്മദ്‌  നൌഫലിന് ഹബീബ്  റഹ്മാന്‍ കിഴിശേരിയും , രണ്ടാം സമ്മാനം നേടിയ മുഹമ്മദ്‌ ശക്കീറിനു ഇസ്മായില്‍ കുറുമ്പടിയും , മികച്ച ജനപ്രിയ ഫോട്ടോക്ക് ഉള്ള സമ്മാന ജേതാവ് അന്‍സല്‍ മന്സൂറിനു ഉസ്മാന്‍ പാപ്പരത്തും  - ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. 




ഈ മീറ്റ്‌ കൊണ്ട് നിങ്ങള്‍ എന്ത് നേടി എന്ന് ദോഷൈദൃക്കുകള്‍ ആരെങ്കിലും ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം താഴെ പറയുന്നവയില്‍ എതെന്കിലുമൊന്നു ആണെന്ന് വരികില്‍  ഈ മീറ്റ് സാര്‍ത്ഥകമായി എന്ന് പറയാം..
- കേവലം ശുഷ്കമായിരുന്ന തങ്ങളുടെ സുഹൃദ് വലയം ഒറ്റ ദിവസം കൊണ്ട് എത്രയോ ഇരട്ടിയാക്കാന്‍ ഈ ബ്ലോഗ്‌ മീറ്റ്‌ സഹായിച്ചു .
- 'എനിക്കും വേണം ഒരു ബ്ലോഗ്‌' എന്ന് പറയാന്‍ ബ്ലോഗില്ലാത്തവര്‍ക്ക് ഒരു ആവേശമുണ്ടാക്കാന്‍ കഴിഞ്ഞു .
- തിരക്കും മടിയും കാരണം ബ്ലോഗെഴുതാതെ ഉഴപ്പിനടന്നവര്‍ക്ക് തുടര്‍ന്നെഴുതാന്‍ ഒരു ടോണിക്ക് ആയിരുന്നു ഈ മീറ്റ്. 
================
അങ്ങനെ , രുചികരമായ ചിക്കന്‍/ വെജിറ്റേറിയന്‍ ബിരിയാണി എല്ലാവര്ക്കും വിതരണം ചെയ്തു (ഈറ്റില്ലാതെ എന്ത് മീറ്റ് !! )  ശേഷം ഇസ്മായില്‍ കുറുമ്പടിയുടെ നന്ദിപ്രകാശനത്തോടെ ബ്ലോഗ്‌ മീറ്റിനു പരിസമാപ്തിയായി. പക്ഷെ......എന്നിട്ടും പിരിഞ്ഞുപോകാന്‍ മനസ്സനുവദിക്കാതെ പലരുടെയും അവസ്ഥ, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ' കോഴിയുടെ കാലില്‍ മുടി ചുറ്റിയ പോലെ'യായിരുന്നു!!