Sunday, July 10, 2011

മീറ്റ്‌ ഉണ്ണിയപ്പം ..ഈറ്റ് ...ഉണ്ണിയപ്പം

കുറച്ചു നേരം കൂടിയിരുന്നു കുശലം പറയാന്‍ താല്‍പര്യവും സമയവും ഉള്ളവരുടെ ഒരു കൂടിച്ചേരല്‍ ആയിരുന്നു ഉദ്ദേശിച്ചത്. രാമചന്ദ്രന്‍ , ഇസ്മായില്‍, കലാം, സുനില്‍, നിക്സന്‍ (നിക്കു) , നിക്കുവിന്റെ ഒരു സുഹൃത്ത്‌ റഷീദ്, നാമൂസ് , പിന്നെ കുറെയേറെ ഉണ്ണിയപ്പങ്ങള്‍ എന്നിവരായിരുന്നു ഒത്തു കൂടിയത്.

കോര്‍ണിഷിനടുത്തു താമസിക്കുന്ന നാമൂസിനു ഇസ്മുവാണു വഴി പറഞ്ഞു കൊടുത്തത് . ഇസ്മുവിന്റെ മിനിക്കഥകള്‍ പോലെ വഴിയും ചുരുക്കി പറഞ്ഞു കൊടുത്തത് കൊണ്ടോ , നമുക്ക് വരികള്‍ തന്നെ വായിക്കാന്‍ സമയമില്ലാത്തപ്പോള്‍ നാമൂസിന്റെ വരികള്‍ക്കിടയിലൂടെ കൂടിയും വായിച്ചെടുക്കുന്ന സ്വഭാവം ഇവിടെയും കാണിച്ചത് കൊണ്ടാണോ എന്നറിയില്ല വടക്കോട്ട്‌ വരാന്‍ പറഞ്ഞിട്ട് തെക്കോട്ടാണ് ആശാന്‍ പോയത്. കാത്തിരുന്നു മടുത്തപ്പോള്‍ നടന്നു നടന്നു കടലില്‍പ്പോയി ചാടേണ്ട എന്ന് കരുതി ഇസ്മു തന്നെ പോയി വിളിച്ചുകൊണ്ട് വരികയായിരുന്നു. അത് വല്യോരു അബദ്ധമായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. അവന്‍ വന്നപ്പോള്‍ വായ തുറന്നിട്ട്‌ പിന്നെ ഉണ്ണിയപ്പം തിന്നാന്‍ മാത്രമേ വായ അടച്ചിട്ടുള്ളൂ . ശരിക്കും നമ്മുടെ സ്മിത ടീച്ചറുടെ കുറവ് കൂടി അവന്‍ തീര്‍ത്തു എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും എളുപ്പം മനസ്സിലായേക്കും. ഒടുവില്‍ സമസ്താപരാധം പറഞ്ഞു എല്ലാവരും രക്ഷപ്പെടുക ആയിരുന്നു.

ഖത്തറില്‍ നടന്ന കഥാ മോഷണം, തസ്നി ഭാനു , മതം, രാഷ്ട്രീയം, ദൈവം, മലയാള ഭാക്ഷ, അറബി മലയാളം , മലയാള സര്‍വ്വകലാശാല , ഉപനിഷത്തുക്കള്‍ , ആര്യ ദ്രാവിഡ സംഘര്‍ഷങ്ങള്‍, ചര്‍ച്ചാ വിഷയമായിട്ടുള്ള ബ്ളോഗ്ഗുകള്‍ , പുസ്തകങ്ങള്‍ എന്ന് വേണ്ട സന്തോഷ്‌ പണ്ഡിറ്റ് വരെ സംസാര വിഷയമായി. ഇതിനിടക്ക്‌ രാമചന്ദ്രന്‍ ഇതെല്ലം കഴിഞ്ഞു വീട്ടിലേക്കാണല്ലോ ചെല്ലേണ്ടത് , ഇനി അവിടെയും ഒരു വാക്പയറ്റു വേണ്ട എന്ന് കരുതി സ്ഥലം വിട്ടു. ഇത് മുന്‍കൂട്ടി കണ്ടിട്ട് ഇസ്മു കുടുംബത്തെ തൊട്ടടുത്തുള്ള പാര്‍ക്കില്‍ കൊണ്ട് വിട്ടിരിക്കയായിരുന്നു. ഇടയ്ക്കു ഫോണ്‍ വന്നിട്ടെന്ന വ്യാജേന പാര്‍ക്കില്‍ പോയി കുടുംബത്തെ കണ്ടിട്ട് എനിക്ക് അവമ്മാരുടെ കൂടെ ഇരിക്കാന്‍ വല്യ താല്‍പ്പര്യം ഒന്നും ഇല്ല. പെട്ടു പോയാ പെടക്കാതെ പറ്റില്ലല്ലോ എന്നൊക്കെയാവണം പറഞ്ഞിട്ട് പോരുന്നുണ്ടായിരുന്നു.

കുടുംബത്തിലെ സമാധാനം തകര്‍ക്കേണ്ട എന്ന് കരുതിയിട്ടോ ചര്‍ച്ച കേട്ട് മതിയായിട്ടോ കലാമും പതുക്കെ മുങ്ങി. എനിക്കും നാമൂസിനും നിക്സനും ബി പി (ഭാര്യയെ പേടി) ഇല്ലാത്തതുകൊണ്ട് (അവര്‍ കൂടെ ഉണ്ടായിരുന്നേല്‍ ആദ്യം മുങ്ങുന്ന ആള്‍ ഞാനായേനെ , അവള്‍ ഇവിടെ ഇല്ലാത്തത് കൊണ്ട് എനിക്കെന്തും പറയാമല്ലോ) പ്രത്യേകിച്ച് യാതൊരു തിരക്കും ഇല്ലായിരുന്നു. ഞങ്ങള്‍ പരസ്പരം വാക്പയറ്റ് നടത്തികൊണ്ടിരുന്നു. സത്യത്തില്‍ നിക്സണ്‍ കൂടെയില്ലായിരുന്നേല്‍ നാമൂസ് എന്നെ കൊന്നു കൊലവിളി നടത്തിയേനെ. കോര്‍ണിഷില്‍ ഒരു ബ്ളോഗ്ഗരുടെ അജ്ഞാത മൃതദേഹം എന്ന വാര്‍ത്ത നിങ്ങള്‍ക്കെല്ലാം കേള്‍ക്കേണ്ടിയും വന്നേനെ.

അഞ്ചു മണിക്കെത്ത്തിയിട്ടു ഉദ്ദേശം പത്തു മണിയോടെയാണ് ഞാനും, നാമൂസും, നിക്സനും, റഷീദും പിരിയുന്നത്. ഞങ്ങളുടെ ഈ ചര്‍ച്ചകളിലൂടെ ലോകത്തിലെ സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്ന സന്തോഷത്തോടെ, ഞങ്ങള്‍ ഇല്ലായിരുന്നേല്‍ ഇതൊക്കെ ആര് ചര്‍ച്ച ചെയ്യും എന്ന് നെടുവീര്‍പ്പിട്ടു നടന്നകന്നു . നിക്സന്റെ സുഹൃത്ത്‌ റഷീദിനാണ് സഹനത്തിനുള്ള അവാര്‍ഡ് നല്‍കേണ്ടത് . നിക്സന്റെ സുഹൃത്തായി എന്ന ഒരേ ഒരു കുറ്റത്തിന് ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഇരുന്നു കൊടുക്കേണ്ടി വരിക എന്ന നരക ശിക്ഷയാണ് ആ പാവത്തിന് അനുഭവിക്കേണ്ടി വന്നത് . ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു. ആ സാധു അത് അനുഭവിച്ചു . പിറ്റേന്ന് അങ്ങേരു ജീവനോടെ ഉണ്ടോ എന്ന് ഞാന്‍ വിളിച്ചു ചോദിച്ചിരുന്നു. കുഴപ്പം ഒന്നും ഇല്ലാ എന്നാണ് അറിയാന്‍ കഴിഞ്ഞത് .

ഇസ്മു ചിക്കന്‍ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ചിക്കന്‍ പോക്സ് വന്ന പാടുകള്‍ ആണ് ഉദ്ദേശിച്ചത് എന്ന് കരുതിയില്ല. എന്തായാലും വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ ( ഒരു ഊഹമാണേ ? ചിലപ്പോള്‍ പാവം ഇസ്മു തന്നെ വെള്ളിയാഴ്ച രാവിലെ എണീറ്റിരുന്നു ഉണ്ടാക്കീതാവും ...) ഒരു ലോഡു ഉണ്ണിയപ്പവും ചായയും പുള്ളി കരുതിയിരുന്നു. ഇനി ഈറ്റില്ലാ മീറ്റെന്നു പറയില്ലല്ലോ ?. തോട്ടുവായില്‍ എന്റെ തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ അപ്പം മൂടല്‍ , മോദകം മൂടല്‍ എന്നൊക്കെയുള്ള രുചികരമായ വഴിപാടുകള്‍ ഉണ്ട് . ഗണപതി ഭഗവാന്റെ വിഗ്രഹം ഉണ്ണിയപ്പം കൊണ്ടു മൂടിയുള്ള പൂജയാണിത്. ഏതാണ്ടതു പോലെ ഒരു ലോഡു ഉണ്ണിയപ്പമാണ് ഇസ്മു കൊണ്ടു വന്നത്. തിന്നു തീര്‍ക്കാന്‍ ഞങള്‍ കുറച്ചു ഗണപതികളും. കഷ്ടപ്പെട്ട് പോയി. വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നവരോടുള്ള വാശി മുഴുവന്‍ ഉണ്ണിയപ്പത്തോട്‌ ‌ തീര്‍ത്തു ഞങള്‍ അഭിമാന പുളകിതരായി . എന്തായാലും ഒന്നാന്തരം ഉണ്ണിയപ്പം (ഇനിയും പ്രതീക്ഷിക്കുന്നു എന്നര്‍ത്ഥം )....

ഇതൊക്കെയാണ് അനൌപചാരീക മീറ്റിന്റെ വിശേഷങ്ങള്‍ .ഫോട്ടോസ് ഒക്കെ ഇസ്മു എടുത്തിട്ടുണ്ട് . മൂപ്പരുടെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം ...നാമൂസിന്റെയും....എന്തായാലും ഇടയ്ക്കിടെ ഇങ്ങനെ കൂടാന്‍ ഉദ്ദേശിക്കുന്നുണ്ട് ... ഉണ്ണിയപ്പം പ്രതീക്ഷിച്ചിട്ടല്ലാട്ടോ..?

13 comments:

  1. ചില സ്വകാര്യ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.മീറ്റിനു വന്നില്ലങ്കിലും മീറ്റിയവർക്കൊപ്പം ഉണ്ടായിരുന്നുവെന്ന പ്രതീതി തരുന്നുണ്ട് ഈ പോസ്റ്റ്!ആശംസകൾ.ഇനി മീറ്റുമ്പോൾ കാണാമെന്ന പ്രതീക്ഷയിൽ.

    ReplyDelete
  2. നിങ്ങള് കൂടൂ ആശംശ കല്‍

    ReplyDelete
  3. നിങ്ങള്‍ എല്ലാവരും അവരവരുടെ രാജ്യത്ത് കൂടി. എന്നെ മാത്രം ആരും വിളിച്ചില്ല, ചിക്കന്‍ തിന്നാന്‍.

    ReplyDelete
  4. അച്ചായന്‍ തന്നെയാണ് എന്നെയും രക്ഷിച്ചത്‌.

    ReplyDelete
  5. അപ്പൊ ചിക്കന്‍ ഉണ്ടായിരുന്നില്ല അല്ലെ ? വരാതിരുന്നത് നന്നായി ,മീറ്റിന്നടയില്‍ ഇസ്മില്‍ ഭായിയെ വിളിച്ചപ്പോള്‍ എന്നോട് ചോദിച്ചത് " എന്ത് പണിയാ കാണിച്ചത് ഈ ചിക്കനൊക്കെ വെസ്റ്റായില്ലേ എന്നായിരുന്നു" , അത് കേട്ടശേഷം അനുഭവപ്പെട്ടിരുന്ന ആ ഒരു പരവേശം ഇത് വായിച്ചപ്പോള്‍ തീര്‍ന്നു , ഉണ്ണിയപ്പം കൊണ്ട് എന്താവാന്‍ ?
    ആനവായില്‍ അമ്പഴങ്ങ എന്ന് പറഞ്ഞ പോലെ ആകുമായിരുന്നു.എന്നാലും പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ഒരു വിഷമം

    ReplyDelete
  6. മീറ്റ് വിശേഷങ്ങള്‍ പങ്കു വച്ചതില്‍ സന്തോഷം.. എനിക്കൊരു പിന്‍ഗാമിയെ കിട്ടിയതില്‍ അതിലേറെ സന്തോഷം. (നാമൂസേ, എന്റെ കഞ്ഞിയില്‍ പാറ്റ ഇടരുത്.നമുക്ക് ഒരു അഡ്ജസ്റ്റ്മെന്റില്‍ അങ്ങ് പോകാം) പിന്നെ,ഇടയ്ക്കിടെ ഇങ്ങനെ മീറ്റാം എന്നാ ദുരുദ്ദേശത്തെ ഞാന്‍ തീരെ പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങള്‍ക്കൊന്നും വേറെ പണിയും, തൊഴിലും ഒന്നും ഇല്ലേ? ഈ അസൂയ,അസൂയ എന്ന് പറഞ്ഞാല്‍ എന്താ?

    ReplyDelete
  7. 4gt 2 say..Ismoo...really,I missed ur Unniyappam..

    ReplyDelete
  8. ഇതൊരു ബ്ലോഗ്‌ മീറ്റ് ആയിരുന്നില്ല. ഇതിനു മീറ്റ് എന്ന് പേരിട്ടാല്‍ കൊല്ലംതോറും നമ്മള്‍ ഒത്തുകൂടുന്ന ആ സുന്ദരനിമിഷങ്ങളുടെ പ്രസക്തി കുറഞ്ഞുപോകും!
    ചുമ്മാ ഒരു ഒത്തുകൂടല്‍.
    അല്പം കത്തിയടി.
    അധികം വായാടിയാകുന്നവരുടെ വായില്‍ തിരുകാന്‍ പാകത്തില്‍ തയ്യാര്‍ ചെയ്ത ഉണ്ണിയപ്പം,
    ഓവറായി സാഹിത്യം പറയുന്നവരുടെ അണ്ണാക്ക് പൊള്ളിക്കാന്‍ ചൂടുള്ള കട്ടന്‍ ചായ.... ഇത്രമാത്രം.

    ReplyDelete
  9. ഉണ്ണി മീറ്റ്‌ !!!!!!!!! ഗംഭീരായി .....ആശംസകള്‍...

    ReplyDelete
  10. ഞാൻ ഈയിടെ എഴുതിത്തുടങ്ങിയതേ ഉള്ളൂ. അതു കൊണ്ട്‌ തന്നെ ക്ഷണമില്ലാതെ വരാമോ എന്ന് അറിയില്ലായിരുന്നു. സംസ്കൃതി ഭാരവാഹിയും, എന്റെ സുഹൃത്തുമായ ഷാനവാസിന്റെ അറിയിപ്പ്‌ വന്നപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു. സത്യം പറഞ്ഞാൽ ചാണ്ടിച്ചൻ ഒഴികെ ഒരു ബ്ലോഗറെയും ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല. നല്ല ഒരു അവസരം 'മിസ്‌' ആയ വിഷമത്തോടെ, അടുത്ത മീറ്റിനായി കാത്തിരിയ്ക്കുന്നു.

    ഷാഹുൽ സാറിന്റെ റിപ്പോർട്ട്‌ ഒരു പരിധി വരെ നഷ്ടബോധം കുറയ്ക്കാൻ സഹായകമായി. പ്രത്യേകം നന്ദി!

    ReplyDelete
  11. @നാമൂസ്,സുനിൽ....ഡേയ്...രണ്ടാളും കൂടി നമ്മളെ വധിച്ചിട്ട് ഇപ്പോ ഇങ്ങനെയായ കഥ...!!!!:)))

    ReplyDelete
  12. ഇടക്കൊക്കെ സൗഹൃദം പുതുക്കാന്‍ 'സമയവും' 'സൗന്ദര്യവുമുള്ളവര്‍' ഇങ്ങിനെ ഒത്തുകൂടുന്നത് നല്ലതാണ്. രണ്ടാമത് പറഞ്ഞത് ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ പങ്കെടുക്കാതിരുന്നത്.(സത്യായിട്ടും എനിക്ക് ജോലിയായിരുന്നു)
    ഇസ്മായില്‍ പറഞ്ഞതിനോട് യോജിക്കുന്നു. വലിയ മീറ്റ് മാക്സിമം ആണ്ട്ക്ക് ഒന്ന് മതി. അന്ന് മീറ്റിയത്തിന്റെ ഹാങോവര്‍ മറാത്തവര്‍ക്കായ് Qatar blogger's group-ല്‍ ഒരു ലിങ്ക് അയച്ചിട്ടുണ്ട്. ആദ്യം പറഞ്ഞ പോലെ 'സ'യും 'സൗ'വും ഉള്ളവര്‍ കാണുക. പ്രദര്‍‍ശനം അംഗങ്ങള്‍ക്ക് മാത്രമായതിനാലാണ് ഇവിടെ ലിങ്കിടാത്തത്.

    ReplyDelete
  13. എല്ലാരും ചെറിയ ചെറിയ കൂട്ടായ്മകള്‍ നടത്തുന്നൂ ല്ലെ? ഓരോ കൂട്ടായ്മയും ഇത് പോലെ വായിക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്. കിട്ടാത്ത ഉണ്ണിയപ്പങ്ങള്‍ക്ക് മധുരം അല്പ്ം കുറഞ്ഞാലും..

    ReplyDelete