Thursday, January 21, 2016

ഇറങ്ങിപ്പോരുമ്പോഴെല്ലാം കൂടെ പോരുന്ന വീട്

വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുമ്പോഴെല്ലാം
വീടും കൂടെ പോരാറുണ്ട്
വണ്ടിയില്‍ തൊട്ടടുത്ത് തന്നെ ഇരിക്കും
തോളില്‍ ചാരി കരയുമ്പോള്‍
നിറയെ ഉമ്മകള്‍ മണക്കും
വഴിയില്‍ ഒരു ചായ കുടിക്കാന്‍
അല്ലെങ്കില്‍ ഒരു വെള്ളം കുടിക്കാന്‍
കൂടെ ഇറങ്ങും
ഒപ്പമിരുന്ന് കുടിപ്പിക്കും
പാസ്പോര്‍ട്ടും ടിക്കറ്റും നോക്കുന്ന
പോലീസുകാരനെ കടന്ന്‍
പിന്നെയും കൂടെ വരും
ചെക്കിങ്ങിനു വരിയില്‍ നില്‍ക്കും
ഭാരം കൂടുമെന്ന് വഴക്ക് പറഞ്ഞാലും കേള്‍ക്കാതെ
ലഗേജിനു കൂടെ കയറി ഇരിക്കും
ബോര്‍ഡിംഗ് പാസ്സുമായി പോവുമ്പോഴും
വണ്ടി കയറുന്ന ഇടം വരെ വരും
ഞാന്‍ പോയിട്ട് വരാമെന്ന്‍ പറയുമ്പോള്‍
പൂമുഖത്തേക്ക് എല്ലാരും വരും
കൈവീശിക്കാണിക്കും
എന്നെ കാണാതെ കരയാന്‍ പോവും
വണ്ടിയില്‍ ഇടം പിടിച്ച്
ഒരു ദീര്‍ഘ നിശ്വാസം വിടുമ്പോഴാവും
വീടാകെ അകത്തേക്ക് കയറുക
ചങ്കില്‍ കുടുങ്ങി ശ്വാസം മുട്ടിക്കും
പിന്നെ പുറത്താരും കാണാതെ
അകത്ത് പെയ്ത് പെയ്ത് തോരും.
നാട്ടില്‍ നിന്നെത്തിയ വിഭവങ്ങളെടുക്കാന്‍
പെട്ടി തുറക്കുമ്പോഴാവും അതില്‍ പിന്നെയും
വീട് പ്രത്യക്ഷപ്പെടുക
അന്ന്‍ രാത്രി മുഴുവന്‍ വീട് കൂടെ കാണും
ഉറങ്ങാതെ കഥകള്‍ പറഞ്ഞിരിക്കും
പിന്നെയും രണ്ടാഴ്ചയോളം കൂടെ നടക്കും
പിന്നീട് യാത്ര പറയാതെ പോയൊടുവില്‍
നാട്ടിലേക്ക് പോവാറാവുമ്പോള്‍
കൂടെ കൊണ്ട് പോവാന്‍ വരും..!!





- കവിത ശംസ് കിഴാടയില്‍

1 comment:

  1. നന്നായിട്ടുണ്ട് , വായിക്കാൻ ഒരു സുഖം ഉണ്ട് ....

    ReplyDelete