Thursday, December 29, 2011

പ്രധാനവാര്‍ത്തകള്‍


ബൂലോകവാണി -ദോഹ ഖത്തര്‍ 
പ്രധാന വാര്‍ത്തകള്‍ ...വായിക്കുന്നത്  കുറുമ്പടി .
ഖത്തറിലെ ബ്ലോഗര്‍മാര്‍ വര്‍ഷംതോറും നടത്തി വരാറുള്ള ബ്ലോഗ്‌ മീറ്റിന്റെ, 2012 ലെ ഒത്തുകൂടല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിപുലമായി നടത്താന്‍ ഇന്നലെ ദോഹയിലെ പാര്‍ക്കോ മാളില്‍ നടന്ന സ്വാഗത കമ്മറ്റിയില്‍ തീരുമാനമായി. രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍, നികു കേച്ചേരി, ഷാനവാസ്‌ എളച്ചോല , മജീദ്‌ ടീവി,  ഇസ്മായില്‍ കുറുമ്പടി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വിശദമായി....
2012 ഫെബ്രുവരി പത്താം തിയതി വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന ഒരു ഏകദിന ബ്ലോഗ്‌ മീറ്റ് ബ്ലോഗര്‍മാരുടെ സാന്നിധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും അവിസ്മരണീയമാക്കാന്‍ ഖത്തറിലെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കളോടും അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
കാലത്തു പത്ത് മണിമുതല്‍ ഫോട്ടോ ബ്ലോഗര്‍മാരുടെ ഫോട്ടോ പ്രദര്‍ശനവും കുട്ടികളുടെ മല്‍സര ഇനങ്ങളും അവര്‍ക്കുള്ള സമ്മാന ദാനവും ഉണ്ടാകുന്നതാണ്.  അതിനാല്‍ കുടുംബം കൂടെയുള്ള   ബ്ലോഗര്‍മാര്‍ അവരെ കൂടി നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഭക്ഷണക്കാര്യത്തെക്കുറിച്ചുള്ള നികു കേച്ചേരിയുടെ നിരന്തരമായ അന്വേഷണത്തിന്‍ ഫലമായി , ഈറ്റ് സമൃദ്ധമായി തന്നെ ഒരുക്കുവാന്‍ തീരുമാനിക്കുകയും ദേഹണ്ണക്കാരന്റെ റോള്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സസന്തോഷം ഏറ്റെടുക്കുകയും കയ്യാളായി സുനില്‍ പെരുംബാവൂരിനെ നിയമിക്കുകയും ചെയ്തു. കാന്തനും ശാന്തനും ആയ ഷാനവാസ്‌ എളച്ചോല ബ്ലോഗ്‌ മീറ്റിനുള്ള സ്ഥലം ഏര്‍പ്പാടാക്കുന്ന ദൌത്യം ഏറ്റെടുത്തു.

ഒരു മണിമുതല്‍ രണ്ടുമണി വരെ ഭക്ഷണത്തിന്റെ സമയം ആയതിനാല്‍ എല്ലാവരും പരമാവധി നേരത്തെ എത്തിച്ചേരേണ്ടതാണ് . അതിനു ശേഷം നാലുമണി വരെ പരിചയപ്പെടലും പരിചയം പുതുക്കലുമായിരിക്കും .
നാല് മണിമുതല്‍ നാലര വരെ ചായക്കുള്ള ബ്രേക്ക് . നാലര മുതല്‍ അഞ്ചു മണി വരെ 'മലയാളം ബ്ലോഗ - സാധ്യതകളും ഭാവിയും ' എന്ന വിഷയത്തില്‍ പ്രഭാഷണം. അതിനു ശേഷം വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഉദേശിക്കുന്നത് . ബ്ലോഗ്‌ മീറ്റിന്റെ വിജയത്തിനായി എല്ലാ ബ്ലോഗര്‍മാര്‍ക്കും അവരവരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി പ്രകടിപ്പിക്കാവുന്നതാണ് എന്ന് കമ്മറ്റി അറിയിക്കുന്നു. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുതെന്നും അവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വീണ്ടും ....
2012 February 10 നു ഖത്തറിലെ ബ്ലോഗര്‍മാര്‍ പൂര്‍വ്വാധികം വിപുലമായി ബ്ലോഗ മീറ്റ്‌ നടത്താന്‍ തീരുമാനിച്ചു. പതിവിനു വ്യത്യസ്തമായി ബ്ലോഗര്‍മാരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഒരു മുഴുദിന മീറ്റ്‌ ആണ് ഉദേശിക്കുന്നത്. അതിനായി എല്ലാ ബ്ലോഗര്‍മാരും സഹകരിക്കാനും മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കുന്നു.
ബ്ലോഗര്‍മാരുമായി ഏതു സമയത്തും ബന്ധപ്പെടാനും സംശയദുരീകരണത്തിനും ഇസ്മായില്‍ കുറുമ്പടിക്ക് നിര്‍ദേശം  നല്‍കി യോഗം പിരിച്ചുവിട്ടു.
വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരുന്നതാണ്....

നന്ദി .നമസ്കാരം