Tuesday, December 29, 2015

ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ

ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സ്വാതന്ത്ര്യ സമരകാലത്ത്‌ പഠനം ഉപേക്ഷിച്ച്‌ ദേശീയസമരത്തിലേക്ക്‌ സ്വമേധയാ ഇറങ്ങിത്തിരിക്കുന്ന ഏതാനും വിദ്യാർത്ഥികളിലൂടെ തുടങ്ങി സ്വാതന്ത്ര്യാനന്തര പഞ്ചവത്സര കാലത്തെ ജനാധിപത്യ ഇന്ത്യയിലെ (കേരളത്തിലെ) രണ്ടാം തലമുറയിലെത്തി നിൽക്കുന്ന വിവിധങ്ങളായ സമരജീവിതങ്ങളുടെ കഥയാണ്‌ വളരെ ചുരുക്കത്തിൽ ഈ നോവൽ. സ്വാർത്ഥ വേഗങ്ങളിൽ കെട്ടുപോയ കാലത്ത്‌ ത്യാഗസന്നദ്ധതയുടെ പ്രശോഭിത വദനങ്ങൾ എങ്ങനെയാണ്‌ കാലത്തിന്‌/സമൂഹത്തിന്‌/പ്രത്യശാസ്ത്രത്തിന്‌ നേരിന്റെ വെളിച്ചമാകുന്നതെന്ന് ഈ നന്നേ ചെറിയ നോവൽ മനുഷ്യന്റെ അതിജീവന ശ്രമങ്ങളെ പ്രത്യാശയുള്ളതാക്കുന്നുണ്ട്‌. കേരളീയ സമര ജീവിതത്തെ ദേശീയ-അന്തർ ദേശീയ ചരിത്ര മുഹൂർത്തങ്ങളിലൂടെ വഴിനടത്തിക്കുന്ന ഒരു ചരിത്രാഖ്യായികയുടെ റോൾ കൂടെ ഈ പുസ്തകം നിർവ്വഹിക്കുന്നുണ്ട്‌. നന്നേ ചെറിയ അദ്ധ്യായങ്ങളിലെ നന്നേ കുറിയ വാക്യങ്ങളിലൂടെ ഒരു വലിയ ചരിത്ര മുഹൂർത്തത്തെ പറഞ്ഞിട്ട്‌ പോകുമ്പോൾ അതൊരു വലിയ ഉത്തരവാദിത്ത നിർവ്വണവും നീതിപാലനവുമായി വിശേഷിച്ചും വായനക്ക്‌ ശേഷം അനുഭവപ്പെടുന്നുണ്ട്‌. തീർച്ചയായും ഇത്‌ ആത്മാവിന്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തന്നെയാണ്‌. അവസാനത്തിലെ ബാനുവിനെ ഏറ്റെടുക്കൽ (വീട്ടിലേക്ക്‌/ജീവിതത്തിലേക്ക്‌ ക്ഷണിക്കൽ) ഒരു കേവല റൊമാന്റിക്ക്‌ മൂഡിലേക്ക്‌ ചുരുങ്ങിപ്പോകുന്നത്‌ പോലെ വിമർശ്ശനബുദ്ധ്യാ നോക്കിക്കാണാമെങ്കിലും പുതിയ കാലത്തെ ഗൗതമും കൂട്ടുകാരിയും ആ കൃത്യത്തെ ഒരു സമരമായി വായിപ്പിക്കുന്നുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള കുറ്റംവിധിക്കലുകളോ പഴിചാരലുകളോ ഇല്ലാതെ/നിരാശയോ നിഷേധമോ പിന്മടക്കാതെ തുടർന്നും ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങളുമായി മുൻപോട്ട്‌ പോകുന്ന നേരത്തെ സൂചിപ്പിച്ച പ്രശോഭിത വദനങ്ങൾകൊണ്ട്‌ സമ്പന്നമാണ്‌ ഇതിലെ ജീവിതങ്ങൾ... വായിക്കുക, അനുഭവിക്കുക നാമൂസ് പെരുവള്ളൂര്‍

പൂര്‍വ്വമാതൃകകളില്ലാത്ത കഥകളുടെ തമ്പുരാന്‍ ഉണ്ണി. ആര്‍

പൂര്‍വ്വമാതൃകകളില്ലാത്ത കഥകളുടെ തമ്പുരാന്‍ ഉണ്ണി ആറിനു ക്യൂ മലയാളം സര്‍ഗസായാഹ്നത്തിലേക്കു സ്വാഗതം. ചാര്‍ലി, മുന്നറിയിപ്പ്‌, ബ്രിഡ്‌ജ്‌, കുള്ളന്റെ ഭാര്യ, ബിഗ്‌ ബി, ചാപ്പാകുരിശ്‌, തുടങ്ങി എട്ടോളം ചിത്രങ്ങള്‍ക്കു തിരക്കഥയും സംഭാഷണവും രചിച്ച്‌ മലയാളസിനിമയ്‌ക്കു പുതിയ ഭാവുകത്വം നല്‍കിയ പ്രതിഭ. ചെറുകഥകള്‍കൊണ്ട്‌ നമ്മെ വിസ്‌മയിപ്പിക്കുകയും വ്യത്യസ്‌തമായ ചോദ്യങ്ങളും സമസ്യകളും കഥകളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഉണ്ണിയുടെ കഥാപാത്രങ്ങളെല്ലാം വിചിത്രമായ മനോഗതിയുള്ളവരാണ്‌. ലീലയിലെ കുട്ടിയപ്പന്‍, ഒഴിവുദിവസത്തെ കളിയിലെ നാല്‍വര്‍ സംഘം, മുന്നറിയിപ്പിലെ സി കെ രാഘവന്‍, സഹയാത്ര യിലെ സുമതിയും രാധാമണിയും കോട്ടയം 17 ലെ കുഞ്ഞുവും അങ്ങനെതന്നെ.. വായനക്കാരനു മുന്നില്‍ ചിന്തയുടെ വലിയൊരു ലോകം തുറന്നിട്ടുകൊണ്ടാണ്‌ ഉണ്ണിയുടെ ഓരോ കഥകളും അവസാനിക്കുന്നത്‌. കഥ അവസാനിക്കുമ്പോള്‍ വായനക്കാരനും കഥാപാത്രവും ഒരു പോലെ പകച്ചു നില്‍ക്കുന്ന പാത്രസൃഷ്ടി. നവോത്ഥാന കാല കഥകള്‍ക്കും ആധുനിക - ഉത്തരാധുനിക കാല കഥകള്‍ക്കും ശേഷം മലയാള ചെറുകഥാലോകം എന്ത്‌ എന്ന ചോദ്യത്തിനുത്തരം കൂടിയാണ്‌ ഉണ്ണിയുടെ കഥക്കൂട്ടുകള്‍. കോട്ടയം കുടമാളൂരില്‍ നിന്നു മലയാള ചെറുകഥയുടെ ആകാശം കീഴടക്കുന്ന ഈ കഥാകൃത്ത്‌ നമ്മുടെ അതിഥിയായി കഥ പറയാനും കഥയെ കുറിച്ചു പറയാനും എത്തുന്നു. 2016 ജനുവരി 8നു നടക്കുന്ന സര്‍ഗസായാഹ്നം പരിപാടിയില്‍ നമുക്കും ഒപ്പമിരിക്കാം... (ക്യൂ മലയാളം കൂട്ടായ്മയില്‍ നജീബ് സുധീര്‍ എഴുതിയത് A M Najeeb Sudheer‎

Saturday, December 5, 2015

ക്യു മലയാളം കവിതാ രചനാ മത്സരം

ഖത്തറിലെ സര്‍ഗാത്മക കൂട്ടായ്മയായ ക്യു മലയാളം ഐ സി സി അശോക ഹാളില്‍ ജനുവരി 8 ന് നടത്തുന്ന വാര്‍ഷിക ആഘോഷമായ സര്‍ഗസായാഹ്നം 2016 ന്‍റെ ഭാഗമായി 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഭാഗങ്ങളായി തിരിച്ച് ഡിസംബര്‍ 19 ന് ശനിയാഴ്ച 2 മണിക്ക് ഹിലാല്‍ എഫ് സി സി ഹാളില്‍ വെച്ച് മലയാളം കവിതാ രചനാ മത്സരം സംഘടിപ്പുക്കുന്നു. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സാക്ഷ്യപത്രവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും നല്കുന്നു. ട്രോഫികള്‍ സര്‍ഗ സായാഹ്നം 2016 - ല്‍ മുഖ്യാതിഥിയായ ഉണ്ണി. ആര്‍ ആയിരിക്കും വിതരണം ചെയ്യുക. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 6686 0775, 5514 7606 എന്നീ നമ്പറുകളിലോ qmalayalamkavitha@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Wednesday, April 8, 2015

10 ഏപ്രിൽ 2015, വെള്ളിയാഴ്ച 3 മണിമുതൽ രാത്രി 9. 30 വരെ ഹിലാലിലെ എഫ് സി സി ഹാളിൽ വച്ചു നടക്കുന്ന ക്യൂമലയാളം ബ്ലോഗേർസ് മീറ്റ് (സാഹിത്യസംഗമം) നിങ്ങളുടെ സാഹിത്യ ചര്‍ച്ചകളില്‍ പങ്കുചേരാനും വായനാനുഭവം പങ്കുവയ്ക്കാനും നിങ്ങള്‍ ഏവരുടെയും സാന്നിദ്ധ്യം ക്ഷണിക്കുന്നു
വായനയുടെ വസന്തത്തിലേക്ക് സ്വാഗതം *************** വായിക്കപ്പെടാതെ പോകുന്ന എഴുത്തിന്റെ, കേൾക്കാതെ പോകുന്ന വായനയുടെ സ്പന്ദനങ്ങൾക്ക് ക്യൂ മലയാളം കാതോർക്കുന്നു. വായന തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു പൂക്കാലത്തെ നമുക്ക് തിരിച്ചുപിടിക്കാം. 10 ഏപ്രിൽ 2015, വെള്ളിയാഴ്ച 3 മണിമുതൽ രാത്രി 9. 30 വരെ ഹിലാലിലെ എഫ് സി സി ഹാളിൽ വച്ചു നടക്കുന്ന ക്യൂമലയാളം ബ്ലോഗേർസ് മീറ്റ്ല്‍ 'മലയാള സാഹിത്യത്തിലെ നവധാരകള്‍/നവ സാമൂഹ്യമാധ്യമങ്ങള്‍ ജനാധിപത്യത്തിലെ അഞ്ചാം തൂണോ' തുടങ്ങിയ പരിപാടികള്‍ക്കൊപ്പം ‘വായനയുടെ വസന്തം’ എന്ന പേരിൽ നിങ്ങളുടെ വായനാനുഭവം പങ്കുവയ്ക്കാനും തുടർന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനും അവസരമൊരുക്കുന്നു. മൊത്തം ഒന്നര മണിക്കൂർ സമയം അനുവദിച്ചിട്ടുള്ള ഈ സെഷനിൽ 5 മുതൽ 7 വരെ മിനിറ്റാണ്‌ ഓരോരുത്തർക്കും അവരവരുടെ വായനയിൽ തങ്ങളെ സ്വാധീനിച്ച ഒരു പുസ്തകാനുഭവം പങ്കുവയ്ക്കാൻ നീക്കിവയ്ച്ചിട്ടുള്ളത്. തുടർന്ന് സദസ്സിനു ചർച്ചയ്ക്കുള്ള അവസരമാണ്‌. വായനാനുഭവത്തിലും ചർച്ചയിലും സജീവമായി പങ്കെടുത്ത് ‘വായനയുടെ വസന്തം’ ഫലവത്തായൊരു അനുഭവമാക്കി മാറ്റാൻ നിങ്ങളെ പ്രോഗ്രാം കമ്മിറ്റിക്ക്‌ വേണ്ടി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. വരൂ, വായനയിലൂടെ നവീകരിക്കപ്പെടൂ.... വായനാനുഭവം പങ്കുവെക്കുന്നവരും പുസ്തകങ്ങളും:- 1. ആൾക്കൂട്ടം - ആനന്ദ്‌ - നിസാർ 2. രണ്ടാമൂഴം- എംറ്റി- റിയാസ്‌ അഹ്മദ്‌ 3. സംസ്കാരത്തിലെ സംഘർഷങ്ങൾ- കെ ഇ എൻ - ബീജ വീസി 4. ആടിന്റെ വിരുന്ന് - മരിയാന യോസ - ശ്രീകല പ്രകാശൻ 5. ജൈവമനുഷ്യൻ- ആനന്ദ്‌- സുധീർ എം എ 6. ആരാച്ചാർ - കെ ആർ മീര - അജിത ഉസ്മാൻ 7- മൂന്നാമിടങ്ങൾ - മണികണ്ഠൻ - ഷീലാടോമി 8. കേരളത്തിലെ ആഫ്രിക്ക - കെ പാനൂർ - കൊളച്ചേരി കനകാംബരൻ 9. ജാതിവ്യവസ്ഥയും കേരള ചരിത്രവും- പികെ ബാലകൃഷ്ണൻ - മനോജ്‌ PA 10. നനക്ഷത്രങ്ങളേ കാവൽ - പത്മരാജൻ - സ്മിത ആദർശ്‌ 11. വീരാൻകുട്ടിയുടെ കവിതകൾ - വീരാൻകുട്ടി - ഹാരിസ്‌ എടവന അങ്ങനെ ഒരിക്കല്‍കൂടെ എല്ലാ സഹൃദയ-സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. നാമൂസ് പെരുവള്ളൂർ