Thursday, December 29, 2011

പ്രധാനവാര്‍ത്തകള്‍


ബൂലോകവാണി -ദോഹ ഖത്തര്‍ 
പ്രധാന വാര്‍ത്തകള്‍ ...വായിക്കുന്നത്  കുറുമ്പടി .
ഖത്തറിലെ ബ്ലോഗര്‍മാര്‍ വര്‍ഷംതോറും നടത്തി വരാറുള്ള ബ്ലോഗ്‌ മീറ്റിന്റെ, 2012 ലെ ഒത്തുകൂടല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിപുലമായി നടത്താന്‍ ഇന്നലെ ദോഹയിലെ പാര്‍ക്കോ മാളില്‍ നടന്ന സ്വാഗത കമ്മറ്റിയില്‍ തീരുമാനമായി. രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍, നികു കേച്ചേരി, ഷാനവാസ്‌ എളച്ചോല , മജീദ്‌ ടീവി,  ഇസ്മായില്‍ കുറുമ്പടി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വിശദമായി....
2012 ഫെബ്രുവരി പത്താം തിയതി വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന ഒരു ഏകദിന ബ്ലോഗ്‌ മീറ്റ് ബ്ലോഗര്‍മാരുടെ സാന്നിധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും അവിസ്മരണീയമാക്കാന്‍ ഖത്തറിലെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കളോടും അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
കാലത്തു പത്ത് മണിമുതല്‍ ഫോട്ടോ ബ്ലോഗര്‍മാരുടെ ഫോട്ടോ പ്രദര്‍ശനവും കുട്ടികളുടെ മല്‍സര ഇനങ്ങളും അവര്‍ക്കുള്ള സമ്മാന ദാനവും ഉണ്ടാകുന്നതാണ്.  അതിനാല്‍ കുടുംബം കൂടെയുള്ള   ബ്ലോഗര്‍മാര്‍ അവരെ കൂടി നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഭക്ഷണക്കാര്യത്തെക്കുറിച്ചുള്ള നികു കേച്ചേരിയുടെ നിരന്തരമായ അന്വേഷണത്തിന്‍ ഫലമായി , ഈറ്റ് സമൃദ്ധമായി തന്നെ ഒരുക്കുവാന്‍ തീരുമാനിക്കുകയും ദേഹണ്ണക്കാരന്റെ റോള്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സസന്തോഷം ഏറ്റെടുക്കുകയും കയ്യാളായി സുനില്‍ പെരുംബാവൂരിനെ നിയമിക്കുകയും ചെയ്തു. കാന്തനും ശാന്തനും ആയ ഷാനവാസ്‌ എളച്ചോല ബ്ലോഗ്‌ മീറ്റിനുള്ള സ്ഥലം ഏര്‍പ്പാടാക്കുന്ന ദൌത്യം ഏറ്റെടുത്തു.

ഒരു മണിമുതല്‍ രണ്ടുമണി വരെ ഭക്ഷണത്തിന്റെ സമയം ആയതിനാല്‍ എല്ലാവരും പരമാവധി നേരത്തെ എത്തിച്ചേരേണ്ടതാണ് . അതിനു ശേഷം നാലുമണി വരെ പരിചയപ്പെടലും പരിചയം പുതുക്കലുമായിരിക്കും .
നാല് മണിമുതല്‍ നാലര വരെ ചായക്കുള്ള ബ്രേക്ക് . നാലര മുതല്‍ അഞ്ചു മണി വരെ 'മലയാളം ബ്ലോഗ - സാധ്യതകളും ഭാവിയും ' എന്ന വിഷയത്തില്‍ പ്രഭാഷണം. അതിനു ശേഷം വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഉദേശിക്കുന്നത് . ബ്ലോഗ്‌ മീറ്റിന്റെ വിജയത്തിനായി എല്ലാ ബ്ലോഗര്‍മാര്‍ക്കും അവരവരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി പ്രകടിപ്പിക്കാവുന്നതാണ് എന്ന് കമ്മറ്റി അറിയിക്കുന്നു. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുതെന്നും അവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വീണ്ടും ....
2012 February 10 നു ഖത്തറിലെ ബ്ലോഗര്‍മാര്‍ പൂര്‍വ്വാധികം വിപുലമായി ബ്ലോഗ മീറ്റ്‌ നടത്താന്‍ തീരുമാനിച്ചു. പതിവിനു വ്യത്യസ്തമായി ബ്ലോഗര്‍മാരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഒരു മുഴുദിന മീറ്റ്‌ ആണ് ഉദേശിക്കുന്നത്. അതിനായി എല്ലാ ബ്ലോഗര്‍മാരും സഹകരിക്കാനും മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കുന്നു.
ബ്ലോഗര്‍മാരുമായി ഏതു സമയത്തും ബന്ധപ്പെടാനും സംശയദുരീകരണത്തിനും ഇസ്മായില്‍ കുറുമ്പടിക്ക് നിര്‍ദേശം  നല്‍കി യോഗം പിരിച്ചുവിട്ടു.
വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരുന്നതാണ്....

നന്ദി .നമസ്കാരം 










Thursday, October 27, 2011

പ്രശസ്ത കവി സച്ചിതാനന്ദനും, കെ ആര്‍ മീരയും പങ്കെടുക്കുന്ന എഴുത്തുകാരുടെ സംഗമം

പ്രിയ സുഹൃത്തുക്കളെ ,

നാളെ (വെള്ളിയാഴ്ച രാവിലെ 8 .30 മുതല്‍ 11 മണി വരെ എഫ് സി സി യില്‍ വച്ച് പ്രശസ്ത കവി സച്ചിതാനന്ദനും, കെ ആര്‍ മീരയും പങ്കെടുക്കുന്ന എഴുത്തുകാരുടെ സംഗമം നടക്കുന്നു. നമ്മള്‍ ബ്ലോഗ്ഗേഴ്സിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാമെന്നു അവര്‍ സമ്മതിച്ചിട്ടുണ്ട്. എഫ് സി സി യുടെ ചിലവില്‍, അവരുടെ പ്രയത്നത്തില്‍ നമുക്ക് ഫ്രീ ആയി കിട്ടുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. ഇവിടെ ഈ ഖത്തറില്‍ കുറച്ചു ബ്ലോഗ്ഗര്‍മാര്‍ ഉണ്ടെന്നും അവരും ക്രിയാത്മകമായി സാഹിത്യ ലോകത്ത് ചെറുതായെങ്കിലും ചില ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നും ഈ പ്രശസ്തരായ എഴുത്തുകാരുടെ അറിവില്‍പ്പെടുത്താനുള്ള അവസരം നാം എല്ലാവരും ചേര്‍ന്ന് ഭംഗിയായി നിര്‍വഹിക്കേണ്ടതാണ്. ഓരോരുത്തരും സ്വയം എത്തുന്നതോടൊപ്പം നിങ്ങളുടെ സമീപത്തുള്ള ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ വരവ് കൂടി വിളിച്ചന്വേഷിച്ചു ഉറപ്പു വരുത്തുക. വാഹന സൗകര്യം ഉള്ളവര്‍ അതില്ലാത്തവര്‍ക്ക് ഓഫര്‍ ചെയ്തു പരമാവധി അംഗസംഖ്യ ഉറപ്പു വരുത്തുക. ഒഴിവാക്കാനാവാത്ത തിരക്കുകള്‍ ഉണ്ടെങ്കില്‍ കൂടി 8 .30 നും 11 നും ഇടക്കുള്ള ഏതെങ്കിലും സമയത്തെത്തി നിങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക. സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച്ചിട്ടുള്ളവര്ക്ക് തങ്ങളുടെ പുസ്തകങ്ങളുടെ കോപ്പി സച്ചി മാഷിനും മീരക്കും സമ്മാനിക്കാന്‍ കൂടി ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

Monday, August 22, 2011

ഇന്ത്യന്‍ എംബസ്സി രെജിസ്ട്രേഷന്‍ .


Dear Friends,
Embassy of India, Doha has started registration of all Indian nationals residing in Qatar. For this purpose a link has been provided on the website of the Embassy, www.indianembassyqatar.org where Indian nationals can log in and register their details.

All Indian nationals, who live and work in Qatar, are requested to register themselves with the Embassy so that Embassy can have their information for better outreach.
ഈ രെജിസ്ട്രേഷന്‍ കൊണ്ട് ഭാവിയില്‍ വരുന്ന എംബസ്സി സംബന്ധമായ കാര്യങ്ങള്‍ക്ക്  പേപ്പര്‍ വര്‍ക്കുകള്‍ ലഘൂകരിക്കുവാന്‍ കഴിയുമെന്ന് അറിയുന്നു , ബ്ലോഗ്ഗര്‍മാരല്ലാത്ത  നമ്മുടെ സുഹൃത്തുക്കള്‍ക്ക് കൂടി ഈ സന്ദേശം കൈമാറാന്‍ ശ്രമിക്കുമെല്ലോ .


Sunday, August 14, 2011

ഇഫ്‌താര്‍ സംഗമം

FCC (ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ) വായനാക്കൂട്ടത്തിന്റെ ഇഫ്‌താര്‍ സംഗമം ഈ വരുന്ന വെള്ളിയാഴ്ച 19 /08 /2011 FCC ഓഫീസില്‍ വെച്ച് നടത്തുന്ന വിവരം FCC എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുര്‍ റഹ്മാന്‍ സാഹിബിന്റെ താത്പ്പര്യപ്രകാരം എല്ലാ ബ്ളോഗ്ഗര്‍ സുഹൃത്തുക്കളെയും അറിയിച്ചു കൊള്ളുന്നു. തമ്മില്‍ കാണുവാനും സംസാരിക്കുവാനും ഉള്ള ഈ അവസരം ഭംഗിയായി വിനിയോഗിക്കാന്‍ ശ്രമിക്കുക. പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ ആ വിവരം രേഖപ്പെടുത്തുവാന്‍ താത്പ്പര്യപ്പെടുന്നു

Saturday, July 23, 2011

നമ്മുടെ പുസ്തക പ്രകാശനം

നമ്മുടെപ്രിയപ്പെട്ട ബിജുകുമാര്‍ ‍ആലക്കോടിന്റെ " ഒട്ടകമായും ആടായും മനുഷ്യനായും " , രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ "ദൈവം ഒഴിച്ചിട്ടയിടം" എന്നീ പുസ്തകങ്ങളുടെ പ്രകാശനം ജൂലായ്‌ 25 തിങ്കള്‍ വൈകീട്ട്‌ 7 മണിയ്‌ക്ക്‌ എഫ്.സി.സിയില്‍ വെച്ച് നടക്കും . എഫ്.സി.സി ഡയറക്‌ടര്‍ ഹബീബ്‌റഹ്‌മാന്‍ അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന ‍ ചടങ്ങില് ബ്ലോഗ്ഗര്‍മാരും , അഷ്‌റഫ്‌ തൂണേരി, എം ടി നിലമ്പൂര്‍, എ വി എം ഉണ്ണി തുടങ്ങി കലാസാഹിത്യമാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്, എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു .

Sunday, July 10, 2011

മീറ്റ്‌ ഉണ്ണിയപ്പം ..ഈറ്റ് ...ഉണ്ണിയപ്പം

കുറച്ചു നേരം കൂടിയിരുന്നു കുശലം പറയാന്‍ താല്‍പര്യവും സമയവും ഉള്ളവരുടെ ഒരു കൂടിച്ചേരല്‍ ആയിരുന്നു ഉദ്ദേശിച്ചത്. രാമചന്ദ്രന്‍ , ഇസ്മായില്‍, കലാം, സുനില്‍, നിക്സന്‍ (നിക്കു) , നിക്കുവിന്റെ ഒരു സുഹൃത്ത്‌ റഷീദ്, നാമൂസ് , പിന്നെ കുറെയേറെ ഉണ്ണിയപ്പങ്ങള്‍ എന്നിവരായിരുന്നു ഒത്തു കൂടിയത്.

കോര്‍ണിഷിനടുത്തു താമസിക്കുന്ന നാമൂസിനു ഇസ്മുവാണു വഴി പറഞ്ഞു കൊടുത്തത് . ഇസ്മുവിന്റെ മിനിക്കഥകള്‍ പോലെ വഴിയും ചുരുക്കി പറഞ്ഞു കൊടുത്തത് കൊണ്ടോ , നമുക്ക് വരികള്‍ തന്നെ വായിക്കാന്‍ സമയമില്ലാത്തപ്പോള്‍ നാമൂസിന്റെ വരികള്‍ക്കിടയിലൂടെ കൂടിയും വായിച്ചെടുക്കുന്ന സ്വഭാവം ഇവിടെയും കാണിച്ചത് കൊണ്ടാണോ എന്നറിയില്ല വടക്കോട്ട്‌ വരാന്‍ പറഞ്ഞിട്ട് തെക്കോട്ടാണ് ആശാന്‍ പോയത്. കാത്തിരുന്നു മടുത്തപ്പോള്‍ നടന്നു നടന്നു കടലില്‍പ്പോയി ചാടേണ്ട എന്ന് കരുതി ഇസ്മു തന്നെ പോയി വിളിച്ചുകൊണ്ട് വരികയായിരുന്നു. അത് വല്യോരു അബദ്ധമായിപ്പോയി എന്ന് പിന്നീട് മനസ്സിലായി. അവന്‍ വന്നപ്പോള്‍ വായ തുറന്നിട്ട്‌ പിന്നെ ഉണ്ണിയപ്പം തിന്നാന്‍ മാത്രമേ വായ അടച്ചിട്ടുള്ളൂ . ശരിക്കും നമ്മുടെ സ്മിത ടീച്ചറുടെ കുറവ് കൂടി അവന്‍ തീര്‍ത്തു എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും എളുപ്പം മനസ്സിലായേക്കും. ഒടുവില്‍ സമസ്താപരാധം പറഞ്ഞു എല്ലാവരും രക്ഷപ്പെടുക ആയിരുന്നു.

ഖത്തറില്‍ നടന്ന കഥാ മോഷണം, തസ്നി ഭാനു , മതം, രാഷ്ട്രീയം, ദൈവം, മലയാള ഭാക്ഷ, അറബി മലയാളം , മലയാള സര്‍വ്വകലാശാല , ഉപനിഷത്തുക്കള്‍ , ആര്യ ദ്രാവിഡ സംഘര്‍ഷങ്ങള്‍, ചര്‍ച്ചാ വിഷയമായിട്ടുള്ള ബ്ളോഗ്ഗുകള്‍ , പുസ്തകങ്ങള്‍ എന്ന് വേണ്ട സന്തോഷ്‌ പണ്ഡിറ്റ് വരെ സംസാര വിഷയമായി. ഇതിനിടക്ക്‌ രാമചന്ദ്രന്‍ ഇതെല്ലം കഴിഞ്ഞു വീട്ടിലേക്കാണല്ലോ ചെല്ലേണ്ടത് , ഇനി അവിടെയും ഒരു വാക്പയറ്റു വേണ്ട എന്ന് കരുതി സ്ഥലം വിട്ടു. ഇത് മുന്‍കൂട്ടി കണ്ടിട്ട് ഇസ്മു കുടുംബത്തെ തൊട്ടടുത്തുള്ള പാര്‍ക്കില്‍ കൊണ്ട് വിട്ടിരിക്കയായിരുന്നു. ഇടയ്ക്കു ഫോണ്‍ വന്നിട്ടെന്ന വ്യാജേന പാര്‍ക്കില്‍ പോയി കുടുംബത്തെ കണ്ടിട്ട് എനിക്ക് അവമ്മാരുടെ കൂടെ ഇരിക്കാന്‍ വല്യ താല്‍പ്പര്യം ഒന്നും ഇല്ല. പെട്ടു പോയാ പെടക്കാതെ പറ്റില്ലല്ലോ എന്നൊക്കെയാവണം പറഞ്ഞിട്ട് പോരുന്നുണ്ടായിരുന്നു.

കുടുംബത്തിലെ സമാധാനം തകര്‍ക്കേണ്ട എന്ന് കരുതിയിട്ടോ ചര്‍ച്ച കേട്ട് മതിയായിട്ടോ കലാമും പതുക്കെ മുങ്ങി. എനിക്കും നാമൂസിനും നിക്സനും ബി പി (ഭാര്യയെ പേടി) ഇല്ലാത്തതുകൊണ്ട് (അവര്‍ കൂടെ ഉണ്ടായിരുന്നേല്‍ ആദ്യം മുങ്ങുന്ന ആള്‍ ഞാനായേനെ , അവള്‍ ഇവിടെ ഇല്ലാത്തത് കൊണ്ട് എനിക്കെന്തും പറയാമല്ലോ) പ്രത്യേകിച്ച് യാതൊരു തിരക്കും ഇല്ലായിരുന്നു. ഞങ്ങള്‍ പരസ്പരം വാക്പയറ്റ് നടത്തികൊണ്ടിരുന്നു. സത്യത്തില്‍ നിക്സണ്‍ കൂടെയില്ലായിരുന്നേല്‍ നാമൂസ് എന്നെ കൊന്നു കൊലവിളി നടത്തിയേനെ. കോര്‍ണിഷില്‍ ഒരു ബ്ളോഗ്ഗരുടെ അജ്ഞാത മൃതദേഹം എന്ന വാര്‍ത്ത നിങ്ങള്‍ക്കെല്ലാം കേള്‍ക്കേണ്ടിയും വന്നേനെ.

അഞ്ചു മണിക്കെത്ത്തിയിട്ടു ഉദ്ദേശം പത്തു മണിയോടെയാണ് ഞാനും, നാമൂസും, നിക്സനും, റഷീദും പിരിയുന്നത്. ഞങ്ങളുടെ ഈ ചര്‍ച്ചകളിലൂടെ ലോകത്തിലെ സമസ്ത പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്ന സന്തോഷത്തോടെ, ഞങ്ങള്‍ ഇല്ലായിരുന്നേല്‍ ഇതൊക്കെ ആര് ചര്‍ച്ച ചെയ്യും എന്ന് നെടുവീര്‍പ്പിട്ടു നടന്നകന്നു . നിക്സന്റെ സുഹൃത്ത്‌ റഷീദിനാണ് സഹനത്തിനുള്ള അവാര്‍ഡ് നല്‍കേണ്ടത് . നിക്സന്റെ സുഹൃത്തായി എന്ന ഒരേ ഒരു കുറ്റത്തിന് ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഇരുന്നു കൊടുക്കേണ്ടി വരിക എന്ന നരക ശിക്ഷയാണ് ആ പാവത്തിന് അനുഭവിക്കേണ്ടി വന്നത് . ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു. ആ സാധു അത് അനുഭവിച്ചു . പിറ്റേന്ന് അങ്ങേരു ജീവനോടെ ഉണ്ടോ എന്ന് ഞാന്‍ വിളിച്ചു ചോദിച്ചിരുന്നു. കുഴപ്പം ഒന്നും ഇല്ലാ എന്നാണ് അറിയാന്‍ കഴിഞ്ഞത് .

ഇസ്മു ചിക്കന്‍ ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ചിക്കന്‍ പോക്സ് വന്ന പാടുകള്‍ ആണ് ഉദ്ദേശിച്ചത് എന്ന് കരുതിയില്ല. എന്തായാലും വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കിയ ( ഒരു ഊഹമാണേ ? ചിലപ്പോള്‍ പാവം ഇസ്മു തന്നെ വെള്ളിയാഴ്ച രാവിലെ എണീറ്റിരുന്നു ഉണ്ടാക്കീതാവും ...) ഒരു ലോഡു ഉണ്ണിയപ്പവും ചായയും പുള്ളി കരുതിയിരുന്നു. ഇനി ഈറ്റില്ലാ മീറ്റെന്നു പറയില്ലല്ലോ ?. തോട്ടുവായില്‍ എന്റെ തറവാടിനടുത്തുള്ള ക്ഷേത്രത്തില്‍ അപ്പം മൂടല്‍ , മോദകം മൂടല്‍ എന്നൊക്കെയുള്ള രുചികരമായ വഴിപാടുകള്‍ ഉണ്ട് . ഗണപതി ഭഗവാന്റെ വിഗ്രഹം ഉണ്ണിയപ്പം കൊണ്ടു മൂടിയുള്ള പൂജയാണിത്. ഏതാണ്ടതു പോലെ ഒരു ലോഡു ഉണ്ണിയപ്പമാണ് ഇസ്മു കൊണ്ടു വന്നത്. തിന്നു തീര്‍ക്കാന്‍ ഞങള്‍ കുറച്ചു ഗണപതികളും. കഷ്ടപ്പെട്ട് പോയി. വരുമെന്ന് പറഞ്ഞിട്ട് വരാതിരുന്നവരോടുള്ള വാശി മുഴുവന്‍ ഉണ്ണിയപ്പത്തോട്‌ ‌ തീര്‍ത്തു ഞങള്‍ അഭിമാന പുളകിതരായി . എന്തായാലും ഒന്നാന്തരം ഉണ്ണിയപ്പം (ഇനിയും പ്രതീക്ഷിക്കുന്നു എന്നര്‍ത്ഥം )....

ഇതൊക്കെയാണ് അനൌപചാരീക മീറ്റിന്റെ വിശേഷങ്ങള്‍ .ഫോട്ടോസ് ഒക്കെ ഇസ്മു എടുത്തിട്ടുണ്ട് . മൂപ്പരുടെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം ...നാമൂസിന്റെയും....എന്തായാലും ഇടയ്ക്കിടെ ഇങ്ങനെ കൂടാന്‍ ഉദ്ദേശിക്കുന്നുണ്ട് ... ഉണ്ണിയപ്പം പ്രതീക്ഷിച്ചിട്ടല്ലാട്ടോ..?

Thursday, July 7, 2011

ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ കൂടി

നാളെ വൈകിട്ട് (8 /07 /2011 , വെള്ളിയാഴ്ച ) അഞ്ചു മണിക്ക് തമ്മില്‍ കാണുവാനും, കുശലം പറയുവാനുമായി ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ ഉദ്ദേശിക്കുന്നു .പ്രത്യേകിച്ച് അജണ്ട ഒന്നും തന്നെ ഇല്ല. സമയവും, സൌകര്യവും , താല്‍പര്യവും ഉള്ളവര്‍ കോര്‍ണിഷില്‍ ചില്‍ട്രന്‍സ് പാര്‍ക്കിന്റെ എതിര്‍ വശത്തായി എത്തുക . കുടുംബവുമായി വരുന്നവര്‍ക്ക് കുടുംബത്തെ പാര്‍ക്കില്‍ വിട്ടിട്ടു വരാം എന്നൊരു സൗകര്യം ഉണ്ട് . മട്ടന്‍ ബിരിയാണിയുടെ കാര്യം ഇസ്മായില്‍ ഭായി (തണല്‍ ) പറയുന്നത് കേട്ടു. കൃത്യമായി അറിയില്ല . തമ്മില്‍ കാണുകയും വിളിക്കുകയും ചെയ്യുന്നവര്‍ ഈ വിവരം ഒന്ന് കൈമാറിയാല്‍ നന്നായിരുന്നു.

ഖത്തര്‍ ബ്ലോഗ്ഗേര്‍സിനു വേണ്ടി
സുനില്‍ , രാമചന്ദ്രന്‍ , ഇസ്മായില്‍ , ഷഫീക് ,...............

Tuesday, May 24, 2011

ദൂരം

ദൂരം മറന്നു ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു പാട്ടിന്‍
പല്ലവി കേട്ടു ഞാന്‍
അരികിലെങ്ങോ
മൌനവിളയാട്ടം നിറുത്തി
പുല്ലാങ്കുഴലൂതും സഖി
നീ മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മുഖാമുഖം കാണുമ്പോള്‍
മകര നിലാവുപോല്‍
നാണത്തിന്‍പൊന്നാട ചാര്‍ത്തി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല, വര്‍ണ്ണമിത്തിരി
മാഞ്ഞുപോയെങ്കിലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൌനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

Thursday, February 3, 2011

ഖത്തർ ബ്ലോഗ് മീറ്റ്‌ ലോഗോ

പ്രിയ മിത്രങ്ങളെ,

ശ്രദ്ധേയൻ എന്ന ബ്ലോഗർ നമ്മുടെ ഖത്തർ മീറ്റിനു വേണ്ടി ഉണ്ടാക്കിയ ലോഗോയാണ് താഴെ കാണുന്നത്


ഈ ലോഗോ നമ്മളെല്ലാവരും നമ്മുടെ ബ്ലോഗിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കണം

ഈ ലോഗോ നമ്മുടെ ബ്ലോഗിന്റെ സെഡ് ബാറില്‍ കാണിക്കാനുള്ള വഴി താഴെ

1,ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം
2,അതിന് ശേഷം ഒരു പുതിയ ഗഡ്ജറ്റ് ചേര്‍ക്കണം
3,അതില്‍ നിന്ന് html/java script തിരഞ്ഞെടുക്കണം
4,അതിന്റെ കണ്ടന്റ് സെക്ഷനില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക അതിനു ശേഷം സേവ് ചെയ്യുക

Saturday, January 29, 2011

ഒത്ത് കൂടൽ

പ്രിയരെ,

നമ്മൾ ഒരു ബ്ലോഗെഴുത്തുകാരുടെ ഒത്ത് കൂടലിനെപ്പറ്റി ആലോചിച്ചിരുന്നല്ലൊ? നേരത്തെ ഉദ്ദേശിച്ചത്
പോലെ നമുക്ക് ഫെബ്രുവരി 11 ന്‌ ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചതിരിഞ്ഞ് 2 മണി മുതൽ അഞ്ച് മണി വരെ പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്യാം. എല്ലാവരും പങ്കെടുക്കണമെന്നും പരിചയമുള്ള ബ്ലോഗ് സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൂടി പങ്കെടുപ്പിക്കാൻ
ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പങ്കെടുക്കുന്നവർ ഇവിടെ കമന്റ്‌ ഇട്ടാൽ നല്ലതായിരുന്നു. ഒപ്പം എന്തെങ്കിലും നിർദ്ദേശങ്ങൾ
ഉണ്ടെങ്കിൽ ഇവിടെ പറയുക.

പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഏർപ്പാടുകൾ അവർ ചെയ്ത് തരുന്നതായിരിക്കും. വാഹനങ്ങൾ കൂടുതലായി ഹൈപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഉപയോഗിച്ചാൽ അവരുടെ കസ്റ്റമർമാർക്ക് അസൌകര്യമാകും എന്നത് കൊണ്ടാണ്‌.


സ്നേഹത്തോടെ,

എല്ലാവർക്കും വേണ്ടി,

രാമചന്ദ്രൻ.

Tuesday, January 11, 2011

ഓടിവായോ........................



ഖത്തറിലെ പ്രിയപ്പെട്ട ബ്ലോഗുമുതലാളിമാരേ ......
എല്ലാവരും തണുപ്പടിച്ചു ചുരുണ്ടുകൂടി ഇരിപ്പാണോ? ഒന്ന് ഉഷാറാകൂ...നമുക്കൊന്ന് 'മീറ്റാന്‍' സമയമായില്ലേ?
കഴിഞ്ഞവര്‍ഷം വളരെ ലളിതമായി അംഗുലീപരിമിതമായ അംഗങ്ങള്‍ചേര്‍ന്ന് ഒരു ബ്ലോഗ്‌മീറ്റ് നടത്തിയിരുന്നല്ലോ. അവരില്‍പെടാത്ത  ഒട്ടനേകം ഖത്തര്‍ ബ്ലോഗര്‍മാര്‍ പുതുമുഖങ്ങളായും പഴയമുഖങ്ങളായും ഇവിടെ എലികളെപ്പോലെ പതുങ്ങി നടക്കുന്നുണ്ടെന്ന്  അറിയാന്‍ കഴിഞ്ഞു. അവരെയൊക്കെ ഒന്ന് പുറത്തു ചാടിക്കാനും എലികളെ പോലെ ഇരിക്കുന്ന ആ പുലികളെ ജനമധ്യത്തില്‍ 'തുറന്നുകാട്ടാനും' ഒരു ബ്ലോഗ്‌ മീറ്റ് ഇപ്പോള്‍ അനിവാര്യമാണ്.  ഒരുവിളിപ്പാടകലെ ഒരു  കുഞ്ഞുരാജ്യത്ത്‌ തമ്മില്‍ കണ്ടിട്ടും കാണാതെ  നാം നടന്നകലുന്നത് മോശമല്ലേ! 
ഒരു പരിചയപ്പെടല്‍ നമുക്ക് അത്യാവശ്യമല്ലേ ?
അതിലുപരി ഇത്തരം  കൂട്ടായ്മക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ?
ഇനിയും വൈകിക്കണോ?
നിങ്ങളോരോരുത്തരും അഭിപ്രായങ്ങള്‍ മടിക്കാതെ ഇതിലൂടെ പ്രകടിപ്പിക്കുമല്ലോ. 
എന്തിന്? എവിടെ? എപ്പോള്‍? എങ്ങനെ? എല്ലാം .........................

വാല്‍ പോസ്റ്റ്‌: ബ്ലോഗ് മീറ്റുകള്‍ വിജയകരമായി നടത്തി പ്രാഗല്‍ഭ്യം തെളിയിച്ച , പരിചയസമ്പന്നരായ, പ്രതിഭാസമ്പന്നരായ, പ്രശസ്തബ്ലോഗര്‍മാരായ സര്‍വ്വശ്രീ : സഗീര്‍ പണ്ടാരത്തില്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ തന്നെ ഇതിനും മുന്‍കയ്യെടുക്കണമെന്നു നമുക്കൊന്നിച്ച് ആജ്ഞാസ്വരത്തില്‍  അപേക്ഷിക്കാം.

NB: ഖത്തറില്‍ നിന്ന് പുറത്തുള്ള ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കുമെങ്കില്‍ അവര്‍ക്ക് പ്രത്യക പരിഗണനയും ഇരിപ്പിടവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.