Tuesday, December 29, 2015

ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ

ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സ്വാതന്ത്ര്യ സമരകാലത്ത്‌ പഠനം ഉപേക്ഷിച്ച്‌ ദേശീയസമരത്തിലേക്ക്‌ സ്വമേധയാ ഇറങ്ങിത്തിരിക്കുന്ന ഏതാനും വിദ്യാർത്ഥികളിലൂടെ തുടങ്ങി സ്വാതന്ത്ര്യാനന്തര പഞ്ചവത്സര കാലത്തെ ജനാധിപത്യ ഇന്ത്യയിലെ (കേരളത്തിലെ) രണ്ടാം തലമുറയിലെത്തി നിൽക്കുന്ന വിവിധങ്ങളായ സമരജീവിതങ്ങളുടെ കഥയാണ്‌ വളരെ ചുരുക്കത്തിൽ ഈ നോവൽ. സ്വാർത്ഥ വേഗങ്ങളിൽ കെട്ടുപോയ കാലത്ത്‌ ത്യാഗസന്നദ്ധതയുടെ പ്രശോഭിത വദനങ്ങൾ എങ്ങനെയാണ്‌ കാലത്തിന്‌/സമൂഹത്തിന്‌/പ്രത്യശാസ്ത്രത്തിന്‌ നേരിന്റെ വെളിച്ചമാകുന്നതെന്ന് ഈ നന്നേ ചെറിയ നോവൽ മനുഷ്യന്റെ അതിജീവന ശ്രമങ്ങളെ പ്രത്യാശയുള്ളതാക്കുന്നുണ്ട്‌. കേരളീയ സമര ജീവിതത്തെ ദേശീയ-അന്തർ ദേശീയ ചരിത്ര മുഹൂർത്തങ്ങളിലൂടെ വഴിനടത്തിക്കുന്ന ഒരു ചരിത്രാഖ്യായികയുടെ റോൾ കൂടെ ഈ പുസ്തകം നിർവ്വഹിക്കുന്നുണ്ട്‌. നന്നേ ചെറിയ അദ്ധ്യായങ്ങളിലെ നന്നേ കുറിയ വാക്യങ്ങളിലൂടെ ഒരു വലിയ ചരിത്ര മുഹൂർത്തത്തെ പറഞ്ഞിട്ട്‌ പോകുമ്പോൾ അതൊരു വലിയ ഉത്തരവാദിത്ത നിർവ്വണവും നീതിപാലനവുമായി വിശേഷിച്ചും വായനക്ക്‌ ശേഷം അനുഭവപ്പെടുന്നുണ്ട്‌. തീർച്ചയായും ഇത്‌ ആത്മാവിന്‌ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തന്നെയാണ്‌. അവസാനത്തിലെ ബാനുവിനെ ഏറ്റെടുക്കൽ (വീട്ടിലേക്ക്‌/ജീവിതത്തിലേക്ക്‌ ക്ഷണിക്കൽ) ഒരു കേവല റൊമാന്റിക്ക്‌ മൂഡിലേക്ക്‌ ചുരുങ്ങിപ്പോകുന്നത്‌ പോലെ വിമർശ്ശനബുദ്ധ്യാ നോക്കിക്കാണാമെങ്കിലും പുതിയ കാലത്തെ ഗൗതമും കൂട്ടുകാരിയും ആ കൃത്യത്തെ ഒരു സമരമായി വായിപ്പിക്കുന്നുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള കുറ്റംവിധിക്കലുകളോ പഴിചാരലുകളോ ഇല്ലാതെ/നിരാശയോ നിഷേധമോ പിന്മടക്കാതെ തുടർന്നും ആത്മാവിന്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങളുമായി മുൻപോട്ട്‌ പോകുന്ന നേരത്തെ സൂചിപ്പിച്ച പ്രശോഭിത വദനങ്ങൾകൊണ്ട്‌ സമ്പന്നമാണ്‌ ഇതിലെ ജീവിതങ്ങൾ... വായിക്കുക, അനുഭവിക്കുക നാമൂസ് പെരുവള്ളൂര്‍

1 comment: