Sunday, March 16, 2014

ചൂടുള്ള ബ്ലോഗ്‌ മീറ്റ്‌


എഴുത്തും വായനയും ഇഷ്ടപ്പെടുന്ന , ഖത്തറിലെ മലയാളികളുടെ സൌഹൃദകൂട്ടായ്മയായ ക്യൂ-മലയാളത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗ്‌ മീറ്റ്‌ ഇത്തവണ അല്പം ചൂടുള്ളതായി !!

WINTER 14 BLOGGERS MEET എന്നായിരുന്നു പേരെങ്കിലും , ഈ വര്ഷം അല്പം വൈകിയതിനാല്‍ നല്ല തണുപ്പുള്ള കാലവസ്ഥക്ക് പകരം   ഒരല്പം ചൂടോടെയാണ് എല്ലാവരും പങ്കെടുത്തത് . മാത്രമല്ല; പരിചയപ്പെട്ടും പരിചയം പുതുക്കിയും നര്‍മ്മ ഭാഷണങ്ങളില്‍ മുഴുകിയും പരിപ്പുവടയും ചായയും കഴിച്ചു ഇരുന്നവരുമൊക്കെ പക്ഷെ , മീറ്റിന്റെ പ്രധാന ഇനങ്ങളായ രണ്ടു ഉശിരന്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ചൂട് പാരമ്യതയിലെത്തി!!!

കഴിഞ്ഞ വെള്ളിയാഴ്ച (14/3/2014) ദോഹയിലെ SKILLS DEVELOPMENT CENTER ല്‍ രണ്ടു മണിമുതല്‍ നടന്ന ബ്ലോഗ്‌ മീറ്റില്‍ സ്ത്രീ-പുരുഷന്മാരും  കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും ഈ മീറ്റ് അവിസ്മരണീയ അനുഭവമായിരുന്നു എന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു . ആദ്യമായി ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത ചിലര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചതില്‍ ചിലത് താഴെ :
- ഇവിടെ പ്രസിടന്റ്റ് സെക്രട്ടറി മറ്റു നേതാക്കളെ ആരെയും കാണാന്‍ കഴിഞ്ഞില്ല .
- ഇവിടെ ആര്‍ക്കും വലിപ്പചെറുപ്പമില്ല. പ്രത്യക അതിഥികള്‍ ഇല്ല. ആരുക്കും വി ഐ പി പരിഗണന ഇല്ല.
- പഴയ ആളുകള്‍ , പുതുമുഖങ്ങള്‍ എന്നീ വ്യത്യാസങ്ങള്‍ അനുഭവപ്പെട്ടില്ല.
-കോട്ടുധാരികളെയോ വളണ്ടിയര്മാരെയോ കാണുന്നില്ല.
- ഗഹനങ്ങളായ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നില്ല. 
- ആരും ബുജി ചമഞ്ഞു , ബലം പിടിച്ചു അച്ചടി ഭാഷയില്‍ സംസാരിക്കുന്നത് കണ്ടില്ല.
- ആരുടേയും മുഖത്ത് ബോറടി ദൃശ്യമായില്ല.
- പല പ്രോഗ്രാമുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഇത്ര വൈവിധ്യവും ഉന്മേഷകരവും ആയ പരിപാടികളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. 
---------------------------------
ഒരു മണിക്ക് മുന്‍പേ രജിസ്ട്രേഷന്‍ ആരംഭിക്കുകയും രണ്ടു മണി മുതല്‍ ഫോട്ടോ പ്രദര്‍ശന മത്സരം നടക്കുകയും ചെയ്തു. പ്രൊഫഷനല്‍ ഫോട്ടോകള്‍ക്ക് പകരം , സാധാരണക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണ കൊണ്ടോ ക്യാമറ കൊണ്ടോ എടുത്ത ചിത്രങ്ങള്‍ A4 സൈസില്‍ പ്രിന്റ് ചെയ്തു മത്സരത്തിനു കൊണ്ട് വന്നു.  ചിത്രത്തിന്റെ സാങ്കേതികതയോ മിഴിവോ ആയിരുന്നില്ല, മറിച്ച് ചിത്രത്തിന്റെ ആശയം / സന്ദേശം ആയിരുന്നു മത്സരത്തിലെ മാനദണ്ഡം.  

മീറ്റിലെ പ്രധാന ഇനമായിരുന്ന പരിചയപ്പെടല്‍ മണിക്കൂറുകളോളം നീണ്ടു. കുഞ്ഞു കുഞ്ഞു കമന്റടികളും കുരുട്ടു ചോദ്യങ്ങളും സദസ്യരില്‍ നിന്നുണ്ടാവുകയും ഉരുളക്കുപ്പേരി പോലെ അതിനു മറുപടികള്‍ വരികയും ചെയ്തപ്പോള്‍ അശേഷം മടുപ്പനുഭവപ്പെട്ടില്ല. 
പരിചയപ്പെടലിലെ ചില നിമിഷങ്ങള്‍ ......


അതിനു ശേഷം ചര്‍ച്ചകള്‍ ആയിരുന്നു. ആമുഖമായി നാല് മിനിറ്റ് നീണ്ടുനിന്ന ശ്രീ: നിസാര്‍ NV യുടെ ' എന്തുകൊണ്ട്  ബ്ലോഗ്‌  ' എന്ന ചെറു പ്രഭാഷണം ഏറെ ഹൃദ്യമായിരുന്നു.

ശ്രീ: സുനില്‍ പെരുമ്പാവൂര്‍ നിയന്ത്രിച്ച ചര്‍ച്ച ( വിഷയം: സ്റ്റാറ്റസായി മാറുന്ന എഴുത്തുകള്‍) സമകാലികപ്രസക്തവും ഗൌരവകരവുമായിരുന്നു. പുരുഷന്മാരെ കടത്തിവെട്ടിക്കൊണ്ട് വനിതകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ ശക്തിയായി , ബുദ്ധിപരമായി അവതരിപ്പിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ച ശരിക്കും ചൂട്പിടിച്ചു !

രണ്ടാമത്തെ ചര്‍ച്ച ശ്രീ: തന്സീം കുറ്റ്യാടി നിയന്ത്രിച്ചു ( വിഷയം: എഴുത്തുകാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമോ ? ) . വിഭിന്നാഭിപ്രായങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ ചര്‍ച്ച. തികഞ്ഞ സംയമാനത്തോടെയും എന്നാല്‍ തങ്ങളുടെ വാദഗതികള്‍ ബുദ്ധിപൂര്‍വ്വം സമര്‍ത്ഥിക്കുവാനും  പലരും ശ്രമിച്ചു. പൂച്ചയെ പോലിരുന്ന പലരും അസാമാന്യ പ്രതിഭകള്‍ ആണെന്ന് തെളിയിക്കുന്നതായിരുന്നു രണ്ടു ചര്‍ച്ചകളും !

ശേഷം ഫോട്ടോ മത്സരത്തിന്റെ ഫല പ്രഖ്യാപനവും സമ്മാന ദാനവുമായിരുന്നു. ഒന്നാം സമ്മാനം നേടിയ മുഹമ്മദ്‌  നൌഫലിന് ഹബീബ്  റഹ്മാന്‍ കിഴിശേരിയും , രണ്ടാം സമ്മാനം നേടിയ മുഹമ്മദ്‌ ശക്കീറിനു ഇസ്മായില്‍ കുറുമ്പടിയും , മികച്ച ജനപ്രിയ ഫോട്ടോക്ക് ഉള്ള സമ്മാന ജേതാവ് അന്‍സല്‍ മന്സൂറിനു ഉസ്മാന്‍ പാപ്പരത്തും  - ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു. 
ഈ മീറ്റ്‌ കൊണ്ട് നിങ്ങള്‍ എന്ത് നേടി എന്ന് ദോഷൈദൃക്കുകള്‍ ആരെങ്കിലും ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം താഴെ പറയുന്നവയില്‍ എതെന്കിലുമൊന്നു ആണെന്ന് വരികില്‍  ഈ മീറ്റ് സാര്‍ത്ഥകമായി എന്ന് പറയാം..
- കേവലം ശുഷ്കമായിരുന്ന തങ്ങളുടെ സുഹൃദ് വലയം ഒറ്റ ദിവസം കൊണ്ട് എത്രയോ ഇരട്ടിയാക്കാന്‍ ഈ ബ്ലോഗ്‌ മീറ്റ്‌ സഹായിച്ചു .
- 'എനിക്കും വേണം ഒരു ബ്ലോഗ്‌' എന്ന് പറയാന്‍ ബ്ലോഗില്ലാത്തവര്‍ക്ക് ഒരു ആവേശമുണ്ടാക്കാന്‍ കഴിഞ്ഞു .
- തിരക്കും മടിയും കാരണം ബ്ലോഗെഴുതാതെ ഉഴപ്പിനടന്നവര്‍ക്ക് തുടര്‍ന്നെഴുതാന്‍ ഒരു ടോണിക്ക് ആയിരുന്നു ഈ മീറ്റ്. 
================
അങ്ങനെ , രുചികരമായ ചിക്കന്‍/ വെജിറ്റേറിയന്‍ ബിരിയാണി എല്ലാവര്ക്കും വിതരണം ചെയ്തു (ഈറ്റില്ലാതെ എന്ത് മീറ്റ് !! )  ശേഷം ഇസ്മായില്‍ കുറുമ്പടിയുടെ നന്ദിപ്രകാശനത്തോടെ ബ്ലോഗ്‌ മീറ്റിനു പരിസമാപ്തിയായി. പക്ഷെ......എന്നിട്ടും പിരിഞ്ഞുപോകാന്‍ മനസ്സനുവദിക്കാതെ പലരുടെയും അവസ്ഥ, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ' കോഴിയുടെ കാലില്‍ മുടി ചുറ്റിയ പോലെ'യായിരുന്നു!!

40 comments:

 1. ഞാൻ ആദ്യമായി പങ്കെടുത്ത ബ്ലോഗ്‌ മീറ്റ്‌

  ReplyDelete
 2. ഈറ്റും മീറ്റും വായിച്ചു..എല്ലാ ബ്ലൊഗെഴുത്തുകാർക്കും ആശംസകളോടെ..

  ReplyDelete
 3. അവിസ്മരണീയമായ ഒരു ദിവസം! തലേന്നാളത്തെ മുന്നൊരുക്കങ്ങള്‍ മുതല്‍ പരിസമാപ്തിക്ക് ശേഷവും പല തവണ ഒരാളോട് തന്നെ യാത്ര പറഞ്ഞും ' കോഴിയുടെ കാലില്‍ മുടി ചുറ്റിയ പോലെ' തന്നെയുള്ള നില്‍പ്പായിരുന്നു! സ്നേഹാശംസകള്‍!!!

  ReplyDelete
 4. വായിച്ചു സന്തോഷിക്കുന്നു...

  ReplyDelete
 5. കേരളത്തിനു പുറത്ത് ഒരു വിദേശരാജ്യത്ത് വെച്ച് മലയാളത്തിൽ ബ്ളോഗെഴുതുന്നവർക്ക് ഇതുപോലെയുള്ള കൂട്ടായ്മകൾ സംഘടിപ്പിച്ചെങ്കിൽ അതിനർത്ഥം മലയാളത്തിലെ ബ്ളോഗെഴുത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു എന്നുതന്നെയാണ് - സംഘാടകർക്ക് അഭിമാനിക്കാം...

  ReplyDelete
 6. അഞ്ചുവര്‍ഷം മുന്പ് ഫൈസ് ബുക്ക് ഉപയോഗിച്ച് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ എന്റെ വലയില്‍ വീണ സിറൂക്ക മുതല്‍ ഇങ്ങേതലക്കല്‍ സുഹൃത്ത് നൗഫല്‍ വരെയുമുള്ള കൂട്ടുകാര്‍, സന്തോഷം. അതിനേക്കാള്‍ മധുരതരം പ്രിയ സുഹൃത്ത് റസാഖ് ബായിയുടെ സാന്നിദ്ധ്യം. കണ്ടമാത്രയില്‍ "ഞാന്‍ ആദ്യമായി സംസാരിച്ച ഓണ്‍ലൈന്‍ സുഹൃത്ത്" എന്നായിരുന്നു മൂപ്പര്ടെ സ്നേഹം. പിന്നെ, "നമ്മളിപ്പോ ഒന്ന് കൂടിയിട്ട് കൊല്ലം മൂന്നാകുന്നു" എന്ന്‍ സങ്കടപ്പേച്ച്.

  ഈയൊരു സ്നേഹത്തെ/സൗഹൃദത്തെ ഇങ്ങനെ അനുഭവിപ്പിച്ചതിന് മീറ്റിന് നന്ദി.!

  പിന്നെ, മീറ്റിലേക്ക് പാതിയില്‍ കയറി വരികയും വേഗത്തില്‍ ഇറങ്ങിപ്പോവുകയും ചെയ്തതുകൊണ്ട് അവിടത്തെ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് എനിക്കറിവില്ല. എങ്കിലും, വര്‍ഷാവര്‍ഷം നടക്കുന്ന ഒരു ചടങ്ങ് എന്നതിനുപ്പുറം ബ്ലോഗും ബ്ലോഗെഴുത്തും സജീവമാക്കി നിറുത്താന്‍ സഹായകമാകുന്ന ഇടപെടലുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി ഉണ്ടാകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുന്നു. ഒരുപക്ഷെ, ഏറ്റം മോശം ബ്ലോഗിങ്ങ് അവസ്ഥ നിലനില്‍ക്കുന്നത് നമ്മുടെ ഖത്തറിലാണ് എന്ന് പറയേണ്ടി വരും. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷമായി 'ഖത്തര്‍ ബ്ലോഗ്‌ കൂട്ടം' ഈ മേഖലയില്‍ നിന്നും പതിയെപ്പതിയെ പിന്വാങ്ങുന്നതായിയാണ് അനുഭവപ്പെടുന്നത്. അതിലേക്കുള്ള ചില സൂചനകള്‍ തന്റെ സംസാരത്തിനിടെ സുഹൃത്ത് സ്മിത ആദര്‍ശ് പങ്കുവെക്കുകയുമുണ്ടായി. അവിടെ നിന്നും ചര്‍ച്ച പുരോഗമിക്കേണ്ടതുണ്ടെന്ന്‍ തോന്നുന്നു. അപ്പോഴാണ്‌ ബ്ലോഗേര്‍സ് മീറ്റ് അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. അല്ലെങ്കില്‍, കേവലം ഒരു ഒത്തുകൂടലിന്ന്‍ വേണ്ടിയുള്ള ഒരു ചടങ്ങ് മാത്രമായി മീറ്റുകള്‍ പരിമിതപ്പെടുകയും അതിന്റെ യഥാര്‍ത്ഥ താത്പര്യങ്ങളില്‍ നിന്നും മാറിപ്പോവുകയും ചെയ്യും.

  എന്തായാലും അത്തരം ശ്രമങ്ങളും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം, അങ്ങനെ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

  ReplyDelete
 7. വളരെ വളരെ സന്തോഷം.. സൌഹൃദത്തിന്റെ ഏതു രൂപവും മനസ്സിന് കുളിര്‍മ്മ ഏകുന്നു അത് ബ്ലോഗ്‌ മീറ്റാവുമ്പോള്‍ പ്രത്യേകിച്ചും...ഇനിയും ഉണ്ടാവട്ടെ മീറ്റുകള്‍ കേരളത്തിലും പുറത്തും ...

  ReplyDelete
 8. എന്നത്തേയും പോലെ സൗഹൃദ മീറ്റ്. :)

  ReplyDelete
 9. വായിച്ചിട്ട് കൊതിയാവണല്ലോ
  ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞങ്ങള്‍ ഇവിടെ ഒരു ബി-മലയാളം മീറ്റ് നടത്ത്യാലോ!!!

  ReplyDelete
 10. തുടര്‍ച്ചയായി ഇത്തവണയടക്കം മൂന്നാം തവണയാണ് ഞാന്‍ ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കുന്നത് .ഖത്തറിലെ അറിയപെടുന്ന ബ്ലോഗറായ ശ്രീമാന്‍ ഇസ്മായില്‍ കുറുമ്പടിയുടെ പരിശ്രമമാണ് ഈ ബ്ലോഗ്‌ മീറ്റ്‌ വര്‍ഷാവര്‍ഷം നടത്തി പോരുന്നു എന്നതാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് .ശ്രീമാന്‍ സുനില്‍ പെരുമ്പാവൂര്‍,നവാസ് മുക്രിയകത്ത് ,തസ്നീം കുറ്റ്യാടി .ഷാന്‍ റിയാസ് ,മറ്റുചില സുഹൃത്തുക്കളും ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നുണ്ട് എന്നത് വാസ്തവം .ഞാന്‍ പല ബ്ലോഗ്‌ മീറ്റിലും പങ്കെടുത്ത ആളാണ്‌ എന്നത് കൊണ്ട് തന്നെ പറയുന്നു .ബ്ലോഗ്‌ മീറ്റ് എന്നതിന് പകരം സൗഹൃദ മീറ്റ് എന്ന് പറയുന്നതാവും ഉചിതം .ബ്ലോഗും ബ്ലോഗെഴുത്തും സജീവമാക്കി നിറുത്താന്‍ സഹായകമാകുന്ന ഇടപെടലുകള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി ഉണ്ടാകുന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഞാന്‍ എന്‍റെ അഭിപ്രായം രേഖപെടുത്തുന്നത് .അഭിപ്രായത്തെ അഭിപ്രായമായി മാത്രം കാണുക .ഞാന്‍ അറിയപെടുന്ന എഴുത്തുകാരനൊന്നുമല്ല .പക്ഷെ ഞാന്‍ എഴുത്തും വായനയും ഇഷ്ടപെടുന്നു .എഴുതുവാന്‍ കഴിവുള്ള ഒരുപാട് സുഹൃത്തുക്കള്‍ ഖ്യൂ മലയാളത്തില്‍ ഉണ്ടായിട്ടും അവരൊന്നും പല കാരണങ്ങളും പറഞ്ഞ് എഴുതാതെയിരിക്കുന്നതിലുള്ള എന്‍റെ മനസ്സിന്‍റെ വേദനയാണ് ഞാന്‍ ഇവിടെ രേഖപെടുത്തുന്നത് .എന്‍റെ ചിന്തകള്‍ വേറിട്ടു നില്‍ക്കുന്നു എന്ന് വായനക്കാര്‍ക്ക് തോന്നുവെങ്കില്‍ ക്ഷെമിക്കുക .

  ReplyDelete
 11. എല്ലാവിധത്തിലും സുന്ദരമായ ഒരു സായാഹ്നമായിരുന്നു.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ക്യുമലയാളമേ നന്ദി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്മയില്‍ കുറുമ്പടിക്ക് മനസുനിറഞ്ഞ സ്നേഹം.

  ReplyDelete
 14. സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ക്യുമലയാളമേ നന്ദി...

  ReplyDelete
 15. ചൂടൻ ചർച്ച മുഴുവൻ കേൾക്കാൻ പറ്റിയില്ല!:( ഖേദിക്കുന്നു !
  ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു !ഒരായിരം നന്ദി ! :)

  ReplyDelete
 16. സൂപ്പര്‍.... മോശമായ ആരോഗ്യ സ്ഥിതി മൂലം ബ്ലോഗ്‌ മീറ്റിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും മീറ്റില്‍ പങ്കെടുത്ത അനുഭവം

  ReplyDelete
 17. ഈറ്റില്ലാതെ എന്ത് മീറ്റ് !!

  ReplyDelete
 18. ഞാനും വായിച്ചു സന്തോഷിക്കുന്നു...

  ReplyDelete
 19. ചിത്രത്തിൽ എല്ലാവരുടേയും പേരുകൾ ഉണ്ടായിരുന്നെങ്കിൽ !!! ഒൻപതാമത്തെ ചിത്രത്തിൽ മുകളിൽ നടുക്ക് കാണുന്ന സ്ത്രീ എന്റെ ജൂനിയർ ആയി കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ച ഷീലാ ജോസ് ആണോ എന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ആണെങ്കിൽ മനോജ് രവീന്ദ്രൻ എന്ന പേരിൽ ഫസ്റ്റ് ബാച്ചുകാരനായ എന്നെ അവർ ഓർത്തിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

  ReplyDelete
  Replies
  1. ആയിരിക്കാൻ എല്ലാ സാധ്യതയും ഉണ്ട്. ഷീല ടോമി. https://www.facebook.com/sheela.tomy?fref=ts

   Delete
  2. നിരക്ഷരന്‍... അതെ ഞാന്‍ തന്നെ ഷീല ജോസ് ആയിരുന്ന ആള്‍.! തിരിച്ചറിഞ്ഞല്ലോ... സന്തോഷം!! ഓര്‍മയുണ്ട്. ബ്ലോഗ്‌ മീറ്റ്‌ കൊണ്ട് ഇങ്ങനെയും...!
   സസ്നേഹം ഷീല

   Delete
  3. ചെറിയ ലോകം!!!! അല്ലേ ഷീല ജോസ് ? :) :) എനിക്ക് ഷീല ടോമി എന്ന് വരുന്നില്ല. മനസ്സിൽ ഉറച്ച് പോയ പേര് ഷീല ജോസ് ആണ് :)

   Delete
 20. ഇനിയെന്ന് കാണും നമ്മൾ,, ???
  ഇതുപോലെ മീറ്റുകൾ ഇടയ്ക്കിടെ ഉണ്ടാവട്ടെ,,,

  ReplyDelete
 21. പതിവുപോലെ ബ്ലോഗ്‌ മീറ്റിൽ പങ്കെടുത്ത് എല്ലാവരെയും കണ്ടതിൽ സന്തോഷം.

  എല്ലാ വർഷത്തെയും പോലെ എല്ലാവരെയും അറിയിച്ചു നല്ല രീതിയിൽ ബ്ലോഗ്‌ മീറ്റ് സംഘടിപ്പിക്കാൻ കാരണക്കാരനായ ഇസ്മയിൽ ഇക്കയ്ക്ക് നന്ദി.

  തുടര്ച്ചയായി അഞ്ചാം വര്ഷമാണ് ഞാൻ ബ്ലോഗ്‌ മീറ്റിൽ പങ്കെടുത്തത്. , ഓരോ കൊല്ലം കഴിയും തോറും ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നു, പക്ഷെ, അതുകൊണ്ട് തന്നെ വ്യക്തിപരമായി പറയട്ടെ ബ്ലോഗ്‌ മീറ്റിന്റെ രസം കുറഞ്ഞു വരുന്നതായി വളരെ ശക്തമായി അനുഭവപ്പെട്ടു. അഭിപ്രായ വ്യത്യാസം ഉള്ളവർ ഉണ്ടാകാം.

  എന്നെപ്പോലെ ഒരു ബ്ലോഗ്ഗെര്ക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ഇത്രയും നീണ്ട ഒരു ബ്ലോഗ്‌ മീറ്റോ എന്നാണ്. ബ്ലോഗ്ഗെര്മാരുടെ എണ്ണം കൂടുമ്പോൾ സമയവും കൂടുതൽ വേണം എന്നത് മനസ്സിലാക്കാം.പക്ഷെ, ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്തു മണി വരെ നീളുന്ന ഒരു ചടങ്ങിൽ അദ്യാന്ത്യം സന്നിഹിതരായിരിക്കുക എന്നത് പ്രായോഗികമല്ല..അത് കൊണ്ട് തന്നെ, പങ്കെടുത്തവരെ നേരിട്ട് കാണുന്നതിനു പകരം മീറ്റിനു ശേഷം ഇട്ട പോസ്റ്റിലൂടെയും,ഫോടോകളിലൂടെയും കാണേണ്ടി വന്നു.ഇങ്ങനെ ഒരു 'നീണ്ട' ബ്ലോഗ്‌ മീറ്റാണെങ്കിൽ പലറെയും കാണാതെ പോകുന്നു. മേൽ പറഞ്ഞ കമന്റ്‌ കളിൽ നാമൂസ് സൂചിപ്പിച്ചതുപോലെ ഇത് വര്ഷാവര്ഷം സംഘടിപ്പിക്കുന്ന വെറുമൊരു ചടങ്ങ് മാത്രമായി മാറുന്നു എന്നെനിക്കു തോന്നി. അതുകൊണ്ട് തന്നെ റഷീദ് തൊഴിയൂര് അഭിപ്രായപ്പെട്ടത് പോലെ ഇത് ബ്ലോഗ്‌ മീറ്റ് എന്നതിന് പകരം, ഒരു സൌഹൃദ മീറ്റ് എന്ന് വിശേഷിപ്പിക്കുകയാകും നല്ലത്. ബ്ലോഗ്‌ മീറ്റ് എന്നാൽ ബ്ലോഗേഴ്സ് ന്റെ മീറ്റ് എന്ന പതിവ് മതിയായിരുന്നു എന്ന ഒരു അഭിപ്രായം എനിക്കുണ്ടായിരുന്നു.

  ഫേസ് ബുക്കിന്റെ കടന്നു വരവ് നല്ല കുറെ ബ്ലോഗ്‌ മീറ്റ് വിവരങ്ങൾ ബ്ലോഗ്‌ വഴി വായിക്കാനുള്ള സാധ്യതയും തള്ളി കളഞ്ഞു ആ ഒരു സങ്കടവും ഉണ്ട്. പഴയ രീതിയിൽ ബ്ലോഗ്‌ മീറ്റ് റിപ്പോർട്ട്‌ ആരും പോസ്റ്റ്‌ ചെയ്തു കണ്ടില്ല..

  ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ദോഹയിൽ വച്ച് ഉണ്ടായ ബ്ലോഗ്‌ മീറ്റുകൾ കാണണം എന്നുള്ളവർ ഇതിലൊക്കെ ഒന്ന് ക്ലിക്ക് ചെയ്തു നോക്കൂട്ടോ..

  1. http://peythozhiyathe-pravasi.blogspot.com/2009/09/doha-bloggers-meet-2009.html

  2. http://peythozhiyathe-pravasi.blogspot.com/2010/02/doha-bloggers-meet-2010.html

  3. http://qatar-bloggers.blogspot.com/2011/02/photos.html

  4. http://qatar-bloggers.blogspot.com/2012/02/2012.html


  നിങ്ങള്ക്കും കാണാം പഴയ ബ്ലോഗ്‌ മീറ്റും,പുതിയ ബ്ലോഗ്‌ മീറ്റും തമ്മിലുള്ള വ്യത്യാസം..

  ReplyDelete
 22. Hello Q ...hello Qatar...blog ayalum friends aayalum ningal
  mudangaathe meettunnundallo..athu nissara karyam alla..
  Best wishes..:)

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. പങ്കെടുക്കുന്നവരുടെ എണ്ണം കൂടുമ്പോൾ മീറ്റുകളുടെ ഊഷ്മളത കുറഞ്ഞു വരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടു. നൂറോളം പേരൊക്കെ പങ്കെടുക്കുമ്പോൾ എല്ലാവരും പരസ്പരം കൂടുതൽ പരിചയപ്പെടുക എന്നത് സംഭാവ്യമല്ല. അതില്ലാത്തിടത്തോളം കാലം മീറ്റ് അത്രകണ്ട് രസകരമായി അനുഭവപ്പെടാനും സാധ്യതയില്ല. എങ്ങനെയാണ് ഈ പ്രശ്നം മറികടക്കുക എന്നതൊരു ചോദ്യമാണ്. ബ്ലോഗർമാരുടെ പങ്കാളിത്തം വളരെയധികം കൂടാനിടയുള്ള ഇടങ്ങളിൽ, ആദ്യമോ അവസാനമോ നടക്കുന്ന ഒരു പൊതുസമ്മേളനത്തിനു ശേഷം/മുൻപ് ഒരു മേഖല മാത്രം കൈകാര്യം ചെയ്യുന്ന ബ്ലോഗർമാർ മാത്രം സംഗമിക്കുക, ( ഉദാഹരണത്തിനു സാഹിത്യം, സമകാലികവിഷയങ്ങൾ, ഫോട്ടോഗ്രാഫി - ഇതിൽ തന്നെ കഥയും കവിതയും ഒക്കെയായി പിന്നെയും വേർതിരിവ് സാധ്യമാണ്), മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ അതേയിടത്തു തന്നെ മറ്റൊരു വേദിയിൽ സംഗമിക്കുക - അങ്ങനെ ചെറുചെറു ഗ്രൂപ്പുകൾ ആയി പിരിഞ്ഞ് സംഗമങ്ങൾ നടത്തിയാൽ ( ഓരോ ഗ്രൂപ്പിനുമുള്ള ചുമതലക്കാരെയും അജണ്ടയുമെല്ലാം മുൻകൂട്ടി നിശ്ചയിക്കണം ) കൂടുതൽ സമ്പുഷ്ടവും സന്തോഷം പകരുന്നതുമായ സംഗമങ്ങൾ സംഘടിപ്പിക്കാൻ കഴിയില്ലേ ?

  ReplyDelete
 25. എല്ലാം ഒരു നെടുവീര്‍പ്പില്‍ ഒതുക്കുന്നു .. തണ്ടല്‍ വേദന പാരയായി.

  ReplyDelete
 26. കൊതിപ്പിക്കുന്ന ബ്ലോഗ്‌ മീറ്റ്‌ ... സംഘാടകര്‍ക്ക് അനുമോദനങ്ങള്‍ !

  ReplyDelete
 27. പ്രിയ ബ്ലോഗ്ഗർമാരെ ബ്ലോഗ്ഗില്ലതവരെ,

  ഞാൻ ആദ്യമായി പങ്കെടുത്ത ഒരു ബ്ലോഗ്ഗർ മീറ്റ്‌, വ്യതസ്തമായ അവതരണ ഘടന കൊണ്ടും, പങ്കെടുതവരുടെ തികച്ചും വേറിട്ട പരിചയപ്പെടുത്തൽ രീതി കൊണ്ടും മികച്ച ഒരു അനുഭവമായി എന്ന് സസന്തോഷം പറയാം.
  ഒരു ബ്ലോഗേര്സ് മീറ്റിലേക്ക് വരും മുൻപേ എന്നിൽ ഉണ്ടായിരുന്ന കാഴ്ച്ചപാടുകളെ തകിടം മറിക്കുന്ന കാഴ്ചകളുമായി മീറ്റ്‌ മുന്നോട്ടു പോയപ്പോൾ ഏതോ ഒരു സൌഹൃദ കൂട്ടായ്മയിൽ എത്തിയ അവസ്ഥയിൽ ആയിരുന്നു ഞാൻ. അവിടെ ബ്ലോഗില്ലാത്തവർ, ബ്ലോഗർമാര്, ബ്ലോഗിനെ കുറിച്ച് കേട്ടിട്ട്പോലുമില്ലാത്തവർ, തുടങ്ങി ബ്ലോഗുകളെ ഏതോ വിസ്മ്രിതിയിൽ ഉപേക്ഷിച്ചു പോയവര് വരെ ഉണ്ടായിരുന്നു . പക്ഷേ എല്ലാവർക്കും സംസാരിക്കാൻ അവസരം , വലിപ്പ ചെറുപ്പമില്ല , അധ്യക്ഷൻ ഇല്ല.... പതിവ് നിയന്ത്രണ സംവിധാനങ്ങൾ ഒന്നും ഇല്ല .. ആകെ ഒരു സുനിൽ പെരുമ്പാവൂരിന്റെ ശബ്ദം മാത്രം. അത് പരിപാടിക്ക് അത്യന്താപെക്ഷികം തന്നെ. എങ്കിലും ഒരു കാര്യം തുറന്നു പറയാതിരിക്കാൻ വയ്യ , ഒരോരുത്തരും സ്വയം പരിചയപ്പെടുമ്പോൾ അത് കേൾക്കാനുള്ള സന്മനസ്സു സദസ്സ് കാണിക്കണം എന്നാൽ പലപ്പോഴും സദസ്സ് സ്വയം ബഹളതിലേക്ക് പോകുന്ന അവസ്ഥ ഒഴിവാക്കേണ്ടതു തന്നെ. അത് വേദിയോടു കാണിക്കുന്ന ഒരു ആദരവാണ്.
  അത് പാലിക്കാൻ സദസ്സ് ബാധ്യസ്ഥമാണ്താനും .

  ഏതായാലും ഇത്തരത്തിൽ ഒരു മീറ്റു സംഘടിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .

  സസ്നേഹം സുഹാസ്‌ പാറക്കണ്ടി

  ReplyDelete
 28. ആദ്യത്തെ രണ്ടെണ്ണമൊഴികെയുള്ളതിലൊന്നും പങ്കെടുത്തിട്ടില്ല..;-)

  ReplyDelete
 29. ബ്ലോഗു മീറ്റ് സൂപര്‍ ആയിരുന്നു അല്ലെ ... എന്ത് ചെയ്യാന്‍ ഭാഗ്യമില്ല...

  ReplyDelete
 30. ക്യൂ-മലയാളത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗ്‌ മീറ്റിന്റെ സംഘാടകര്‍ക്കും , പങ്കെടുത്ത എല്ലാവർക്കും ആശംസകള്‍ !

  ReplyDelete
 31. ഈ സ്നേഹ സംഗമം ഒരുക്കിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി. സ്മിത പറഞ്ഞ പോലെ സമയം കുറച്ചു കൂടി compact ആക്കിയിരുന്നെങ്കില്‍ എല്ലാരേയും നേരിട്ട് കാണാമായിരുന്നു. ഈ ഫോട്ടോകളിലൂടെയാണ്‌ പലരെയും കണ്ടത്.
  സസ്നേഹം

  ReplyDelete
 32. ശ്ലാഘനീയം!
  കൂട്ടുകാരേ, അഭിനന്ദനങ്ങള്‍!

  ReplyDelete
 33. Very good effort
  http://novelcontinent.blogspot.com/

  ReplyDelete