Wednesday, January 27, 2016

ജാതീയതയ്ക്ക് ബദൽ: ഒന്നാമത് ഭരണഘടന, പിന്നെ...? - നാമൂസ് പെരുവള്ളൂര്‍


'പൊളിറ്റിക്കൽ ഇസ്ലാം' എന്നത്‌ അങ്ങനെ ഒരു ഗ്രൂപ്പ്‌ നിലനിൽക്കുമ്പോൾ മാത്രം സജീവമാകുന്നതാണെങ്കിൽ ഇന്ത്യയിലെ 'അധികാര ഹിന്ദു' അങ്ങനെയൊരു പൊളിറ്റിക്കൽ ഗ്രൂപ്പ്‌ ഇല്ലെങ്കിലും ഇന്ത്യയിൽ സജീവമായിരിക്കും എന്നതാണ്‌ ചരിത്രാനുഭവം.
കാരണം, ഇന്ത്യൻ സാമൂഹ്യ വിഭജനത്തിൽ ഒരു 'വിഭജന യന്ത്ര'മായി പ്രവർത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. മനുഷ്യൻ എന്നതിന്‌ മനുഷ്യൻ എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന്‌ പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങൾ കൽപ്പിക്കപ്പെടുന്ന വിധത്തിൽ അത് അതിഹീനമാംവിധം മനുഷ്യത്വവിരുദ്ധമാണ്‌. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്‌ ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്‌.
നിലവിൽ അത്‌ ജാതിയിൽ ജനിക്കുക എന്ന നിഷ്കർഷക്കപ്പുറം സവർണ്ണ ജാതിബോധത്തെ ഉള്ളിൽ വഹിക്കുക എന്ന തലത്തിലേക്ക്‌ അദൃശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ 'ഗ്രാംഷീയൻ വിശകലനം' പ്രസക്തമാകുന്നത്‌.
പറഞ്ഞുവരുന്നത്‌, ഇന്ത്യയിൽ അധികാര ഹിന്ദു എന്നത്‌ ചരിത്രപരമായിത്തന്നെ ഒരു യാഥാർത്ഥ്യമാണ്‌. അതിനെ അൽപമെങ്കിലും പ്രതിരോധിക്കുന്നത്‌ ഭരണഘടനയിലെ 'മതേതരത്വം' ആണ്‌. അതെടുത്ത്‌ കളയണമെന്നാണ്‌ ഇപ്പോഴത്തെ സംഘാ'വശ്യം. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ അദൃശ്യത പൊഴിഞ്ഞ്‌ പടം അഴിച്ച പാമ്പിന്റെ വേഗം ആർജ്ജിക്കുന്നത്‌ കാണാം.
ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന സംഘപരിവാര രാഷ്ട്രീയം സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ വർണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്‌. സൂക്ഷ്മതലത്തിൽ അത്‌ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കിക്കളയുന്ന ഒരു നീക്കമാണ്‌.
എല്ലാവർക്കും ബാധകമായ ഒരു നിയമനിർമ്മാണമെന്ന ആശയം പ്രത്യക്ഷത്തിൽ തന്നെ ശ്രേണീകൃത ജാതിഹിന്ദുവിനെതിരാണ്‌. ജനാധിപത്യ ഇന്ത്യയിൽ കേവലം 'ജാതി ശരീര'ങ്ങളായ മനുഷ്യരെ പൗരര്‍ എന്ന കർതൃത്വത്തിലേക്ക്‌ ഉയർത്തി 'സമന്മാരിൽ കൂടുതൽ സമന്മാർ' എന്ന ജാതിസൗകര്യത്തെയാണ്‌ ഇല്ലാതാക്കിയത്‌. വർണ്ണാശ്രമത്തിൽ അധികമായാൽ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മൺസിനെയടക്കം ഒരേ നിയമത്തിന്‌ കീഴെ കൊണ്ടുവന്നു എന്നതാണ്‌ 'മനുഷ്യന്‌ ഒരു മൂല്യം' എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത്‌ വർണ്ണാശ്രമഹിന്ദുവിനസഹ്യമായ കാര്യമാണ്‌.
മറ്റൊരു സംഗതിയുള്ളത്‌, പതിനേഴാം വകുപ്പിൽ പറയുന്ന 'അയിത്ത വിരുദ്ധ' വകുപ്പാണ്. അന്നുവരെയും തുടർന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത്‌ ശിക്ഷാർഹമായ കുറ്റമെന്ന് നിർണ്ണയിക്കുകയും ചെയ്തു. ഇതും ജാതിഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല.
ന്യൂനപക്ഷാവകാശം/ജാതി സംവരണം തുടങ്ങിയ ഭരണഘടനാവകാശം, അന്നുവരെ പൂർണ്ണാധീനതയിലുണ്ടായിരുന്ന രാജ്യവിഭവങ്ങൾക്ക്‌ മേൽ ഭരണഘടനാപരമായിത്തന്നെ ജാതിയിൽ കീഴാളരായ അതുകൊണ്ടുതന്നെ സ്വാഭാവിക അടിമകളായ അയിത്തജാതിക്കാർക്ക്‌ കൂടെ അവകാശമുണ്ടാകുന്നു. വിഭവങ്ങളിൽ പങ്ക്‌കാരുണ്ടാകുന്നു. ഇത്‌ സാമൂഹികബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്‌. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടന ഒന്ന് മാത്രമാണ്‌ ഈ 'സവർണ്ണ ഹൈന്ദവ മേൽക്കോയ്മ'യെ ശരിയാംവിധം പ്രതിരോധിക്കുന്നൊള്ളൂ... എന്നിട്ടും അതെത്ര അജയ്യമായി നിൽക്കുന്നു എന്നറിയുമ്പോൾ അതിന്റെ പ്രയോഗക്ഷമത നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്‌. തീർച്ചയായും അതത്ര നിസ്സാരമായ ഒരു സംഗതിയല്ല.
നിലവിൽ കീഴ്ത്തട്ടിലും ഈ മേൽത്തട്ട്‌ ബോധം സജീവമാണ്‌.
കേവലാർത്ഥത്തിലുള്ള അനുകരണത്തിൽ നിന്നും അത്‌ പൈതൃക-സാംസ്കാരികതയുടെ തലത്തിലേക്ക്‌ വികസിച്ചിട്ടുണ്ട്‌. നേരത്തെയുണ്ടായിരുന്ന അംബേദ്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല, വർത്തമാന ദളിത്‌ ബോധം. അത്‌ കേവലമായ സവർണ്ണാനുകരണത്താൽ ഉപകരണവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌.
ഇടത്‌-മതേതര-പുരോഗമന ചേരി പോലും അന്തം വിട്ട്‌ നിൽക്കുന്നത്രയും ആഴത്തിലും വേഗത്തിലും ഇത്‌ പടർന്ന് കൊണ്ടിരിക്കുന്നു എന്നതാണ്‌ വസ്തുത.
മറ്റെല്ലാ അസ്പൃശ്യതകളും നിലനിൽക്കുമ്പോഴും 'വിശാലഹിന്ദു' എന്ന പരിവാര മുദ്രാവാക്യത്തിൽ കഥയറിയാതെ ആടിക്കൊണ്ടിരിക്കയാണ്‌ ഈ കീഴ്ത്തട്ട്‌ ജീവിതവും.
ഇത്‌ സൂചിപ്പിക്കുന്നത്‌, മേൽത്തട്ട്‌ന്റെ സാംസ്കാരിക മേൽക്കോയ്മ എതകണ്ട്‌ ശക്തമാണ്‌ എന്നാണ്‌.
നാം ഇവിടെ ചർച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവർത്തിക്കുന്നതും സചേതനമാകുന്നതും ഈ സാംസ്കാരികതക്കുള്ളിലാണ്‌.
അത്‌ തകർക്കപ്പെടേണ്ടതുണ്ട്‌, കൃത്യമായ സാംസ്കാരിക പ്രതിരോധത്തിലൂടെയാണ്‌ അത്‌ സാധ്യമാകുന്നതെന്ന് കരുതുന്നു.
ഒന്ന്: വികേന്ദ്രീകൃത പ്രതിരോധം
രണ്ട്‌: കേന്ദ്രീകൃത പ്രതിരോധം
വികേന്ദ്രീകൃത പ്രതിരോധമെന്നാൽ, രാജ്യത്തെ ബഹുതല-സ്വര വൈജാത്യങ്ങളെ അതിന്റെ സാംസ്കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവത്കരിക്കുക. തെളിച്ച്‌ പറഞ്ഞാൽ, എല്ലാതരം ഉപദേശീയതകളെയും ഔദ്യോഗികവത്കരിക്കുക. അതുവഴി സവർണ്ണ മേൽക്കോയ്മയേയും അതിന്റെ സങ്കുചിതവാദത്തിലൂന്നിയ അക്രമാസക്തതയെ ചെറുക്കാനും സാംസ്കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുൻപോട്ട്‌ വെക്കാനുമാകുന്നു.
കേന്ദ്രീകൃത പ്രതിരോധം എന്നത്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌, ഇത്തരം സവർണ്ണ ബഹിഷ്കരണമോ അവർണ്ണ പുനരുത്ഥാനമോ അല്ലാത്ത തീർത്തും മത ഇതര-അതീത സാംസ്കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടൽ. ഇത്‌ കൂടുതൽ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്‌.
ഇതുരണ്ടുമല്ലാത്ത ഒരു വാദമുള്ളത്‌: സവർണ്ണ സാംസ്കാരികത മുൻപോട്ട്‌ വെക്കുന്ന അടയാളങ്ങളുടെ 'പവിത്രത' ഇല്ലാതാക്കുന്ന വിധം അതിനെ സാർവ്വത്രികമാക്കുക വഴി ബഹുജനങ്ങൾ എല്ലാവരും കൈകാര്യം ചെയ്ത്‌ അതിന്റെ സ്വഭാവത്തെ നിർവ്വീര്യമാക്കുക എന്നതാണ്‌. യഥാർത്ഥത്തിൽ ആ പവിത്രത അതിന്റെ മർമ്മങ്ങളിൽ യഥാസ്ഥിതി നിലനിൽക്കുകയും അടയാളങ്ങളുടെ സാർവ്വത്രികത ഈ ചിലവിൽ സാധ്യമാക്കുകയുമാകും. സത്യത്തിൽ ഇത്‌ മൂന്ന് നാല്‌ പക്ഷികൾ ഒന്നിച്ച്‌ വീഴുന്നതിന്‌ സമമാണ്‌.
ഒന്ന്: സവർണ്ണ ചിഹ്നങ്ങളുടെ വ്യാപനം
രണ്ട്‌: പവിത്രതാസംരക്ഷണം
മൂന്ന്: ബഹുസ്വരതയുടെ സ്വാഭാവിക നിഷ്കാസനം
നാല്‌: സാംസ്കാരിക തലത്തിലെ സമ്പൂർണ്ണ ആധിപത്യം.
നിലവിൽ, പ്രായോഗികവും സർഗ്ഗാത്മകവുമായ പ്രതിരോധമെന്നത്‌ 'വികേന്ദ്രീകൃത പ്രതിരോധ'മാണെന്നാണ്‌ ഇന്ത്യനനുഭവം. ഈ അർത്ഥത്തിൽ സാംസ്ജാരിക ഇടങ്ങളിൽ ഇടപെടുക എന്നത്‌ ചരിത്രത്തെപ്പോലും അതിന്റെ ആധിപത്യയുക്തിക്കനുഗുണമായ രീതിയിൽ നിർമ്മിച്ചെടുക്കുന്ന ഫാഷിസ്റ്റ്‌ കാലത്ത്‌ അവശ്യവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്‌.
രാജ്യം അതിന്റെ 66-മത്‌ റിപ്പബ്ലിക്ക്‌ ആഘോഷിക്കുമ്പോൾ ഭരണഘടന ഉറപ്പ്‌ നൽകുന്ന മതേതരമൂല്യസങ്കൽപ്പങ്ങളുടെ സംരക്ഷണംകൂടെ ചർച്ചയാകുന്നത്‌ ഒരു രാഷ്ട്രം എന്ന നിലക്ക്‌ ഇന്ത്യ മുൻപോട്ട്‌ വെക്കുന്ന ജനാധിപത്യ ആരോഗ്യത്തിനത്യാവശ്യമാണ്‌. തീർച്ചയായും അത്‌ ഏകശിലാത്മകമായ സവർണ്ണാധിപത്യ-ഫാഷിസ്റ്റ്‌ യുക്തിയെ നേരിട്ട്‌ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടലും കൂടെയാണ്‌.



എഴുത്താള്‍ : നാമൂസ് പെരുവള്ളൂര്‍
വര : നിജാസ് പെരുംകുളം



http://thoudhaaram.blogspot.qa/2016/01/blog-post.html?m=1

Thursday, January 21, 2016

ഇറങ്ങിപ്പോരുമ്പോഴെല്ലാം കൂടെ പോരുന്ന വീട്

വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുമ്പോഴെല്ലാം
വീടും കൂടെ പോരാറുണ്ട്
വണ്ടിയില്‍ തൊട്ടടുത്ത് തന്നെ ഇരിക്കും
തോളില്‍ ചാരി കരയുമ്പോള്‍
നിറയെ ഉമ്മകള്‍ മണക്കും
വഴിയില്‍ ഒരു ചായ കുടിക്കാന്‍
അല്ലെങ്കില്‍ ഒരു വെള്ളം കുടിക്കാന്‍
കൂടെ ഇറങ്ങും
ഒപ്പമിരുന്ന് കുടിപ്പിക്കും
പാസ്പോര്‍ട്ടും ടിക്കറ്റും നോക്കുന്ന
പോലീസുകാരനെ കടന്ന്‍
പിന്നെയും കൂടെ വരും
ചെക്കിങ്ങിനു വരിയില്‍ നില്‍ക്കും
ഭാരം കൂടുമെന്ന് വഴക്ക് പറഞ്ഞാലും കേള്‍ക്കാതെ
ലഗേജിനു കൂടെ കയറി ഇരിക്കും
ബോര്‍ഡിംഗ് പാസ്സുമായി പോവുമ്പോഴും
വണ്ടി കയറുന്ന ഇടം വരെ വരും
ഞാന്‍ പോയിട്ട് വരാമെന്ന്‍ പറയുമ്പോള്‍
പൂമുഖത്തേക്ക് എല്ലാരും വരും
കൈവീശിക്കാണിക്കും
എന്നെ കാണാതെ കരയാന്‍ പോവും
വണ്ടിയില്‍ ഇടം പിടിച്ച്
ഒരു ദീര്‍ഘ നിശ്വാസം വിടുമ്പോഴാവും
വീടാകെ അകത്തേക്ക് കയറുക
ചങ്കില്‍ കുടുങ്ങി ശ്വാസം മുട്ടിക്കും
പിന്നെ പുറത്താരും കാണാതെ
അകത്ത് പെയ്ത് പെയ്ത് തോരും.
നാട്ടില്‍ നിന്നെത്തിയ വിഭവങ്ങളെടുക്കാന്‍
പെട്ടി തുറക്കുമ്പോഴാവും അതില്‍ പിന്നെയും
വീട് പ്രത്യക്ഷപ്പെടുക
അന്ന്‍ രാത്രി മുഴുവന്‍ വീട് കൂടെ കാണും
ഉറങ്ങാതെ കഥകള്‍ പറഞ്ഞിരിക്കും
പിന്നെയും രണ്ടാഴ്ചയോളം കൂടെ നടക്കും
പിന്നീട് യാത്ര പറയാതെ പോയൊടുവില്‍
നാട്ടിലേക്ക് പോവാറാവുമ്പോള്‍
കൂടെ കൊണ്ട് പോവാന്‍ വരും..!!





- കവിത ശംസ് കിഴാടയില്‍

....ചില 'കുട്ടി' ചിന്തകൾ....കഥ - എഴുത്ത് - സൂരജ് ശ്രീകണ്ഠാപുരം



ദിവസം കുറേ ആയി വിചാരിക്കുന്നു... വേണ്ടപ്പെട്ടവർ ആരെങ്കിലും ഒന്നു മരിച്ചെങ്കിൽ...!!!

അപ്പൂപ്പൻ തന്നെ മരിക്കണം... അതാ ഇപ്പൊ ട്രെൻഡ്...!! വെള്ളത്തുണിയിൽ പൊതിഞ്ഞ അവരുടെ 'റോക്കിംഗ്' കിടപ്പൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ... ആ കിടപ്പിനൊപ്പം പുതിയ ഐ ഫോണിൽ ഒരു സെൽഫി...!! വൗ.. വാട്ട്‌ എ സൂപ്പെർബ് മോമെന്റ് വിൽ ബീ ദാറ്റ്‌...!!
അതിനു ഒരു നല്ല കാപ്ഷൻ വേണം..

"ലാസ്റ്റ് സെൽഫി വിത്ത്‌ മൈ അപ്പൂപ്പൻ" എന്നായാലോ...??

ആ പോസ്റ്റിനു താഴെ എന്റെ ഫ്രീക്ക് മച്ചാന്മാർ ഇടുന്ന ലൈക്ക്കളും "പൊളിച്ചു ബ്രോ" എന്ന കമന്റുകളും ഓർക്കുമ്പോ തന്നെ കോരിത്തരിക്കുന്നു...!!

ഞാൻ അപ്പൂപ്പന്റെ റൂമിൽ പോയി നോക്കി... പുള്ളി നല്ല ഉഷാറായി ഏതോ ഒരു പത്രം വായികുകയാണ്....! ഓരോ വട്ടു കേസേ... ഇതിനുമാത്രം എന്താണാവോ അതിലൊക്കെ ഇങ്ങനെ വായിക്കാൻ...!! ഈ ഓൾഡ്‌ ജനറേഷൻ ഒട്ടും ടെക്നോസാവികൾ അല്ല...

"സ്റ്റിൽ ദേ യൂസ്‌ഡ് ടു റീഡ് ന്യൂസ്‌ പേപ്പേർസ്... "
പൊളിറ്റിക്സ് ആവും വിഷയം..

"ഐ ഡോണ്‍റ്റ് നോ വാട്ട്‌ ദിസ്‌ ബ്ലഡി പൊളിറ്റിക്സ് ഈസ്‌......"

എന്താണാവോ അതിലൊക്കെ ഇത്രയും കാര്യം.. എന്തിനാണാവോ ഈ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ...??
എനിക്ക് വേണ്ടതൊക്കെ ഈ ടൌണിൽ കിട്ടും.. കെ എഫ് സി... ഷോപ്പിംഗ്‌ മാൾ .. മൾടി പ്ലെക്സ് തീയറ്റർ... സ്വിമ്മിംഗ് പൂൾസ് എല്ലാം ചുറ്റും ഉണ്ട്....!!!

"ദെൻ വൈ വീ ബൊതെറിങ്ങ് എബൌട്ട്‌ ദി പൊളിറ്റിക്സ് ആൻഡ്‌ ഓൾ...??"

ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അപ്പൂപ്പൻ തലയുയർത്തി നോക്കി...!!

ശേ..എന്നെ കാണണ്ട..ഞാൻ മാറിക്കളഞ്ഞു...!! കണ്ടാൽ അപ്പൊ പറയും

"ഹാ അപ്പുക്കുട്ടാ.. ഇങ്ങു വാ..." എന്നൊക്കെ.. പിന്നെ ഫുൾ ഉപദേശിച്ചു ബോറടിപ്പിക്കും.. റൂമിൽ തന്നെ മൊബൈലും നോക്കി ഇരിക്കരുത്...ഫ്ലാറ്റിന്റെ പുറത്തു നടക്കാൻ പുള്ളിടെ കൂടെ പോകണം എന്നൊക്കെ...! വയസ്സാൻകാലത്ത് അങ്ങേർക്ക് വേറെ പണിയില്ലെന്നു കരുതി എന്നെക്കൂടി മെനക്കെടുത്താണോ...!! ഈവെനിംഗ് ടൈം ആണ് ഫ്രണ്ട്സിൽ കൊറെപേർ ചാറ്റിനു വരിക.. ആ ടൈം മിസ്സ്‌ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഈ കെളവന് മനസ്സിലാവണ്ടേ...!! മമ്മി പലതവണ പറഞ്ഞതാ പപ്പയോട് അപ്പൂപ്പനെ ഓൾഡ്‌ ഏജ്‌ ഹോമിൽ കൊണ്ടു വിടാൻ... പക്ഷേ പപ്പക്ക് എന്തോ ബ്ലഡി സെന്റിമെന്റ്സ് ആണെന്നും മമ്മി പറയുന്നുണ്ടായിരുന്നു..!! അതെന്താണാവോ...??
ബട്ട് ഇപ്പൊ പപ്പയും കാര്യങ്ങൾ റിയലൈസ്‌ ചെയ്തു തുടങ്ങിയെന്നു തോന്നുന്നു...

ഫ്യൂച്ചെറിൽ പപ്പക്കും മമ്മിക്കും നല്ല ഓൾഡ്‌ ഏജ്‌ ഹോം കണ്ടു പിടിച്ചു കൊടുക്കണം.. അവർക്ക് ഒരു കുറവും ഉണ്ടാകരുത്...!!

അപ്പൂപ്പൻ പപ്പയെ പറ്റി പറയുന്നത് കേട്ടു.... പ്രയമായപ്പോ എന്നോട് നിനക്ക് സ്നേഹമില്ല.. നിന്നെ കണ്ട് നിന്റെ മകനും വളരുന്നുണ്ട് എന്നൊക്കെ...!! സൊ അങ്ങനെയൊരു ഡയലോഗ് എന്റെ പാരെൻസ് പറയരുത്....

കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ഓൾഡ്‌ ഏജ്‌ ഹോം തന്നെ ഞാൻ അവർക്ക് കൊടുക്കും.. എന്ജോയ്‌ ചെയ്യട്ടെ അവർ...!!..!!

"അപ്പൂസ്... വേർ ആർ യു...?? കം ഹാവ് യുവർ ഹോർലിക്സ്..." മമ്മി വിളിക്കുന്നു....

"ഹാ മമ്മീ.. ഞാൻ അപ്പൂപ്പന്റെ മുറിയിലായിരുന്നു..."

"ഹൌ മെനി ടൈംസ്‌ ഐ ടോൾഡ്‌ യു...? ആ മുറിയിൽ പോകരുതെന്നു...? ഫുൾ വൃത്തികേടായിരിക്കും അതിനുള്ളിൽ.. ആൻഡ്‌ ഈ ഓൾഡ്‌ ഏജ്ഡ് പീപ്പിൾസ് ചുമക്കുമ്പോൾ ബാക്ടീരിയാസ് സ്പ്രെഡ് ആവും... ദേ ഡോണ്ട് നോ ദി ഗുഡ് കൾച്ചർ... സൊ ഇനി നീ അവിടെ കയറിയെന്നറിഞ്ഞാൽ... ഹാ ബാക്കി അപ്പൊ തരാം...!!"

"ഹോ.. നോ മമ്മീ... ഐ വാസ് തിങ്കിങ്ങ് എബൌട്ട്‌ ദി ഓൾഡ്‌ ഏജ്‌ ഹോം...."

"അത് നീ ചിന്തിച്ചിട്ടെന്തിനാ.... നിന്റെ പപ്പയോട് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തതാ.... "

മമ്മിയുടെ മുഖത്തെ സങ്കടം കണ്ടപ്പോ എനിക്കും വിഷമമായി... ഞാൻ പറഞ്ഞു...

"മമ്മി യു ഡോണ്ട് വറി... മമ്മിക്കും പപ്പക്കും വയസ്സാകുമ്പോഴേക്ക് , ഐ സ്വേർ.. ഞാൻ ഒരു നല്ല ഓൾഡ്‌ ഏജ്‌ ഹോം കണ്ടുപിടിച്ചു തരും....!! "

മമ്മി എന്റെ സ്നേഹം കണ്ടു എന്നെ കെട്ടിപ്പിടിച്ചു കിസ്സ്‌ ചെയ്യുമെന്നാണ് ഞാൻ കരുതിയത്.. ബട്ട്‌ മമ്മി എന്നെ തല്ലുകയാണ് ചെയ്തത്...!! പിന്നെ മിണ്ടിയുമില്ല....!!

ഇപ്പോഴും ഐ ഡോണ്ട് നോ വൈ മമ്മി വാസ് സൊ ക്രുവെൽ ടു മീ....???







സൂരജ് ശ്രീകണ്ഠാപുരം

ക്യൂ മലയാളം സര്ഗ്ഗസായാഹ്നം 2016 - ചിത്രങ്ങളിലൂടെ