Wednesday, January 13, 2016

കഥാകാരനാണ്‌ വലിയ നുണപറയുന്നത്‌: ഉണ്ണി ആര്‍

ദോഹ: കഥ പറച്ചില്‍ സമര്‍ത്ഥമായ നുണപറച്ചിലാണെന്ന്‌ മലയാള ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ക്യൂ മലയാളം സംഘടിപ്പിച്ച കഥയുടെ വര്‍ത്തമാനം പരിപാടിയില്‍ ചോദ്യകര്‍ത്താക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നിരുപദ്രവകരമായ നുണകളുമായി സഞ്ചരിക്കുന്ന നാടോടികളാണ്‌ എഴുത്തുകാര്‍. അതിനാല്‍ അവരുടെ പിന്നാലെ പോവരുത്‌. ഉരുളയ്‌ക്ക്‌ ഉപ്പേരിപോലെയായിരുന്നു ഓരോ ചോദ്യങ്ങള്‍ക്കും സദസ്സിനോടുള്ള ഉണ്ണിയുടെ മറുപടി. പുതിയകാലത്തെ എഴുത്തുകാര്‍ അനുഭവങ്ങളില്ലാത്തവരാണെന്ന വിമര്‍ശനത്തോടു വിയോജിപ്പാണുള്ളത്‌. മനസ്സിന്റെ യാത്രകളും പുസ്‌തകങ്ങളും എഴുത്തുകാരനെ സ്വാധീനിക്കുന്നുണ്ട്‌. അടുക്കളയിലെ വീട്ടമ്മയുടെയോ തെങ്ങുകയറുന്നവന്റെയോ അനുഭവങ്ങള്‍ ഏത്‌ എഴുത്തുകാരനാണ്‌ സ്വാംശീകരിക്കാന്‍ കഴിയുകയെന്ന്‌ ഉണ്ണി ചോദിച്ചു. താന്‍ നിരൂപകരുടെ പിന്നാലെ പോവാറില്ലെന്നും അവര്‍ക്കു പുസ്‌തകങ്ങള്‍ അയച്ചു കൊടുക്കാറില്ലെന്നും അദ്ദേഹം സദസ്സിനോടു പറഞ്ഞു. തന്റെ കഥകളെ ഏതുരീതിയില്‍ വ്യാഖ്യാനിക്കാനുമുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്‌. അതിനെ കുറിച്ച്‌ ആകുലപ്പെടാറില്ല. ഒരു അവാര്‍ഡ്‌ കിട്ടുന്നതുവരേക്കും സാമൂഹിക യാഥാര്‍ഥ്യങ്ങളോടു പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരോടു തനിക്കു താല്‍പ്പര്യമില്ല. കഥയുടെ രാഷ്ട്രീയം കഥാകൃത്തിനും ഉണ്ടാവണമെന്നാണ്‌ തന്റെയും അഭിപ്രായം. തിരക്കഥാ രചന ഒരു ചെപ്പടിവിദ്യയാണ്‌. പണം എറിഞ്ഞ്‌ പണം വാരുന്ന മേഖലയാണ്‌ സിനിമയുടേത്‌. അതുകൊണ്ട്‌ തന്നെ തന്റെ തിരക്കഥകളില്‍ കോംപ്രമൈസിനു തയ്യാറാവും. പാപബോധമില്ലാത്തവനായിരിക്കണം കഥാകൃത്ത്‌. ഇസ്‌്‌ലാമോഫോബിയ ലോകത്തു നിലനില്‍ക്കുന്ന ഒരു യാഥാര്‍ഥ്യം തന്നെയാണ്‌. അതുമാറ്റിയെടുക്കുന്ന മാനസികാവസ്ഥ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂ മലയാളം അംഗം ഷബീര്‍അലി സംവിധാനം ചെയ്‌ത 'മെഹന്തി' എന്ന ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശിപ്പിച്ചു. ഉണ്ണിയുടെ കഥയായ 'തോടിനപ്പുറം പറമ്പിനപ്പുറം' എന്ന കഥയെ നാടകമാക്കിയ കൂറ്റനാട്‌ കൂട്ടായ്‌മയും എഫ്‌ സി സിയും ഉണ്ണി ആറിന്‌ ഉപഹാരം നല്‍കി. തന്റെ പുസ്‌തകങ്ങള്‍ എഫ്‌ സി സി ലൈബ്രറിക്കു സംഭാവനചെയ്‌തു.

1 comment:

  1. എഴുതുവാന്‍ എല്ലാവര്‍ക്കുമാകും പക്ഷെ കഥകളും,കവിതകളും മറ്റും എഴുതുവാന്‍ എല്ലാവര്‍ക്കുമായെന്നുവരില്ല.അത് അപൂര്‍വ്വം ചിലര്‍ക്ക് ലഭിക്കുന്ന കഴിവുതന്നെയാണ് .എല്ലാ എഴുത്തുകളും എഴുത്തുകാരന്‍റെ ഭാവനയില്‍ നിന്നും പിറവിയെടുക്കുന്നതല്ല.എഴുത്തുകാരന്‍റെ ചുറ്റുപാടില്‍ നിന്നും ലഭിക്കുന്നവയുമുണ്ട്.അതുകൊണ്ടുതന്നെ കഥകളെല്ലാം നുണകളാണെന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്

    ReplyDelete